ആത്മവിശുദ്ധിയുടെ ദൈവികാനുഭവമായി ഫാമിലി യൂത്ത് കോൺഫറൻസ് : സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത
Tuesday, July 12, 2016 4:52 AM IST
ന്യൂയോർക്ക്: സമകാലിക പ്രശ്നങ്ങളിലകപ്പെട്ട് ഉഴലുന്നവർ ദൈവത്തിങ്കലേക്കുള്ള വഴിയിൽനിന്നും അകന്നു പോകാതെ ആത്മീയതവഴിയിലേക്കു തിരിച്ചു കൊണ്ടുവരിക എന്ന വിശുദ്ധദൗത്യമാണ് ഇത്തവണത്തെ മലങ്കര ഓർത്തഡോക്സ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ ലക്ഷ്യമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കളാവോസ്. സൗഹൃദത്തിന്റെ കൂട്ടായ്മയ്ക്കാണ് മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വീണ്ടും വേദിയാവുന്നത്. ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ആത്മീയ നിറവിന്റെ മറ്റൊരു നവോത്ഥാന ദിനം കൂടിയാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. സമകാലിക സംഭവങ്ങളുടെയൊക്കെ പശ്ചാത്തലത്തിൽ മാറി കൊണ്ടിരിക്കുന്ന ലോകത്തിൽ, വിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും നാശം നേരിട്ടു കൊണ്ടിരിക്കുന്ന വേളയിൽ ഇത്തരമൊരു കോൺഫറൻസ് അനിവാര്യമാണ്. അതു തികച്ചും അനുയോജ്യമായ വിധത്തിൽ ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നു. മാറി കൊണ്ടിരിക്കുന്ന യുവജനങ്ങളുടെ ആത്മീയതാത്പര്യങ്ങൾക്കു കൂടി മുൻതൂക്കം നൽകിയാണ് ഇത്തവണ കോൺഫറൻസ് നടക്കുക. അവരിലേക്ക് ആത്മവിശുദ്ധിയുടെ പൊൻപ്രാവിനെ സ്വീകരിക്കാൻ തക്കവിധം ഈ കോൺഫറൻസ് ഉപയുക്‌തമാകുമെന്നും നമുക്കു വിശ്വസിക്കാം. പ്രതിസന്ധികൾ മറികടക്കാൻ ഇത്തരം കൂട്ടായ്മകൾ വഴിതെളിക്കുമെന്നും അച്ചടക്കമുള്ള ജീവിതശൈലിയിലൂടെ കുടുംബജീവിതത്തിൽ വിജയിക്കാൻ ഭദ്രാസന കുടുംബാംഗങ്ങളെ പ്രാപ്തരാക്കുകയാണ് ഫാമിലി കോൺഫറൻസ് ലക്ഷ്യമിടുന്നതെന്നും മാർ നിക്കോളോവോസ് പറഞ്ഞു. ആത്മീയവും മാനസികവുമായ വളർച്ചയും വ്യക്‌തിജീവിതത്തിൽ ആത്മവിശ്വാസവും വളർത്താൻ കോൺഫറൻസ് വഴി തെളിക്കട്ടെയെന്ന് മെത്രാപ്പോലീത്ത ആശംസിച്ചു.

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ’ (മത്തായി 4:17 എന്ന വേദവാക്യത്തെ അടിസ്‌ഥാനമാക്കി) മാനസാന്തരം ദൈവത്തിങ്കലേക്കുള്ള വഴി എന്നതാണ് ചിന്താവിഷയം. മാനസാന്തരത്തിന് തയാറാവുന്ന ഒരു തലമുറയ്ക്ക് മാത്രമേ ആത്മീയമായ ഉയിയർപ്പിന്റെ ഫലം ലഭക്കുകയുള്ളു. ഇതിന്റെ സമകാലിക പ്രസക്‌തിയും സാമൂഹികമായുള്ള സഭയുടെ ഇടപെടലുകളും ഇവിടെ ചർച്ചാവിധേയമാകുന്നു. നമ്മുടെ കൂട്ടായ്മകളിലും കുടുംബങ്ങളിലും സൗഹൃദങ്ങളിലും സംഭവിച്ചിരിക്കുന്ന തകർച്ചയുടെ ആക്കം കുറയ്ക്കുന്നതിനും നമുക്കുതന്നെ മാറി ചിന്തിക്കുന്നതിനും സമാധാനത്തിന്റെയും ശാശ്വത ശാന്തിയുടെയും അന്തരീക്ഷം സംജാതമാക്കുന്നതിനും ഈ കോൺഫറൻസ് മാറുമെന്നും ഉറപ്പുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

<യ> റിപ്പോർട്ട്: ജോർജ് തുമ്പയിൽ