ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ രൂപീകരിച്ചു
Monday, July 11, 2016 6:18 AM IST
കുവൈത്ത്: സോഷ്യൽ മീഡിയയുടെ വിപ്ലവകരമായ സാധ്യതകൾ ഉപയോഗിച്ച് വിനോദ് ഭാസ്കരൻ എന്ന കെഎസ്ആർടിസി കണ്ടക്ടറുടെ ആശയത്തിൽ ഉദിച്ച് 2011 മുതൽ രക്‌തദാന സേവനരംഗത്ത് ദിനം പ്രതി 250 ഓളമോ അതിലധികമോ ദാദാക്കളെ കേരളത്തിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലുമുള്ള വിവിധ ആശുപത്രികളിലായി രോഗികൾക്ക് എത്തിച്ചു നൽകുന്ന സന്നദ്ധ സംഘടനയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ; കുവൈത്ത് ചാപ്റ്ററിന്റെ നിർവാഹകസമിതി രൂപീകരണയോഗം കുവൈത്തിലെ മഹ്ബുളയിൽ നടന്നു.

ഫെയ്സ് ബുക്ക്, വാട്സ് ആപ് ശൃംഘലകൾ വഴി രക്‌താദാനസേവനരംഗത്ത് പ്രവാസികൾക്കിടയിൽ നിരന്തരമായ ബോധവത്കരണം നടത്തുവാനും അതുവഴി, കൂടുതൽ ദാതാക്കളെ ഈ രംഗത്തേക്ക് ആകർഷിക്കാനും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുവാൻ യോഗം തീരുമാനിച്ചു. കുവൈത്തിലെ പ്രവാസി സംഘടനകളുമായി യോജിച്ച് വിപുലമായ ഡാറ്റാ ബാങ്ക് രൂപീകരിക്കുവാനും ബിഡികെയുടെ മറ്റുള്ള പ്രദേശങ്ങളിലെ ഘടകങ്ങളുമായി ചേർന്ന് ദിനം പ്രതിയുള്ള ആവശ്യങ്ങൾക്കായി വേണ്ട ദാതാക്കളെ കണ്ടെത്തുന്നതിന് സഹായിക്കുവാനും യോഗം തീരുമാനിച്ചു. പ്രവാസികളുടെ ഇടയിൽ സജീവമാകുന്നതിലേക്കായി എംബസി രജിസ്ട്രേഷൻ ഉൾപെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുവാനും ആയതിലേക്ക് ആവശ്യമായ അംഗത്വപ്രചാരണം ആരംഭിക്കുവാനും യോഗം തീരുമാനിച്ചു. സെൻട്രൽ ബ്ലഡ് ബാങ്കുമായി ചേർന്ന്, ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി മുരളി എസ്. പണിക്കർ (പ്രസിഡന്റ്), ആർ. രഞ്ജിത്ത് (ജനറൽ സെക്രട്ടറി), ബിനിൽ കുമാർ (ട്രഷറർ), ടി. രഘുബാൽ (മീഡിയ കോഓർഡിനേറ്റർ), ജിതിൻ കൃഷ്ണ (ഡാറ്റ കോഓർഡിനേറ്റർ), ആർ.ജെ. രാജേഷ് (മെഡിക്കൽ കോഓർഡിനേറ്റർ), ബിജു കുമ്പഴ (കേരള കോഓർഡിനേറ്റർ), ജയശ്രീ, യമുന രഘുബാൽ (വനിതാ വിഭാഗം കോഓർഡിനേറ്റർമാർ) എന്നിവരെയും കൂടാതെ അഞ്ച് എക്സിക്യുട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.

ചടങ്ങിൽ സംഘടനയുടെ പ്രമുഖ സംഘാടകനും തുടക്കം മുതലുള്ള കോഓർഡിനേറ്ററുമായ ബിജു കുമ്പഴക്ക് യോഗം യാത്രയയപ്പു നൽകി. ബിഡികെയുടെ നാട്ടിലെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

മുരളി എസ്. പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സജീവ്
ഏബ്രഹാം, മുജീബ് റഹ്മാൻ, പ്രകാശ് കുമാർ, കെ.എം. ബിനു, മനീഷ് കുമാർ, രഘുബാൽ, ബിജി മുരളി എന്നിവർ സംസാരിച്ചു.

രക്‌തം ആവശ്യമുള്ളവരും ദാതാക്കളാകുവാൻ താത്പര്യമുള്ളവരും 0096569997588 എന്ന നമ്പരിൽ ബന്ധപ്പെടുക.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ