നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് എലൻവിൽ ഓണേഴ്സ് ഹേവൻ ഒരുങ്ങി
Monday, July 11, 2016 5:09 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് തുടക്കമാകുന്നു. ആത്മീയ അന്തരീക്ഷവുമായി എലൻവിൽ ഓണേഴ്സ് ഹേവൻ ഒരുങ്ങി. കോൺഫറൻസിന് ജൂലൈ 13 ബുധനാഴ്ച തിരിതെളിയും. ഭദ്രാസന ജനങ്ങളുടെ ആത്മീയ പുരോഗതിക്കൊപ്പം, കലാ–കായിക സാംസ്ക്കാരിക തലങ്ങളിലെ അഭിവൃദ്ധിയും ലക്ഷ്യമിടുന്ന കോൺഫറൻസ്, ന്യൂയോർക്ക് എലൻവില്ലിലുള്ള ഓണേഴ്സ് ഹേവൻ റിസോർട്ടിൽ ജൂലൈ 16 ശനിയാഴ്ച സമാപിക്കും. സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ’ (മത്തായി 4:17 എന്ന വേദവാക്യത്തെ അടിസ്‌ഥാനമാക്കി) മാനസാന്തരം ദൈവത്തിങ്കലേക്കുള്ള വഴി എന്ന ചിന്താവിഷയത്തിലൂന്നിയ ധ്യാനവും, പ്രസംഗപരമ്പരകളും, ചർച്ചാക്ലാസ്സുകളും നിറഞ്ഞ ആത്മീയപകലുകൾക്കായുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. ധ്യാനസംഗമത്തിന്റെ പുത്തൻ അനുഭവത്തിനു വേദിയാവുന്ന ഇവിടം ആത്മീയ ഉണർവ്വിന്റെ ആത്മസത്തയാണ് പ്രദാനം ചെയ്യുക.

ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസിന്റെ സജീവ നേതൃത്വത്തിൽ നടത്തപ്പെടുന്ന കോൺഫറൻസിന്റെ നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നു കോൺഫറൻസ് കോ ഓർഡിനേറ്റർ ഫാ. വിജയ് തോമസ്, ജനറൽ സെക്രട്ടറി ഡോ. ജോളി തോമസ് എന്നിവർ അറിയിച്ചു.
വിശ്വാസദീപ്തിയുടെ നിറവിൽ, സഭാ സ്നേഹലാളനയിൽ നടത്തപ്പെടുന്ന മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ അതതു മേഖലകളിൽ വ്യക്‌തിപ്രഭാവം തെളിയിച്ചവരാണ് പ്രാസംഗികരായി എത്തുന്നത്.

ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, ഫാ. ക്രിസ്റ്റഫർ മാത്യു, എലിസബത്ത് ജോയി എന്നിവർ തങ്ങളുടെ ക്രിയാത്മക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരാണ്.
അധ്യാപകനും ധ്യാനഗുരുവുമായ മാർ ദീയസ്കോറോസ് 2009 മുതൽ മദ്രാസ് ഭദ്രാസന അധ്യക്ഷനാണ്. കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രൊഫസർ, ഡീൻ ഓഫ് സ്റ്റഡീസ്, ’ദിവ്യ ബോധനം’ രജിസ്റ്റാർ, സെന്റ് തോമസ് ഓർത്തഡോക്സ് വൈദിക സംഘം ജോയിന്റ് സെക്രട്ടറി, മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്റർ, ’പുരോഹിതൻ’ പ്രസിദ്ധീകരണത്തിന്റെ പബ്ലിഷർ, ’ബഥേൽ പത്രിക’, സെന്റ് എഫ്രേംസ് ജേർണൽ എന്നിവയുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിക്കുന്നു. റോമൻ കാത്തലിക് ചർച്ചുമായി നടക്കുന്ന ചർച്ചകളിൽ മലങ്കര സഭാ ഡെലിഗേഷൻ അംഗവുമാണ്. നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽനിന്നു ബിഎഡ് എടുത്തതിനുശേഷം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണു തിയോളജിയിൽ മാസ്റ്റേഴ്സും ഡോക്ടറേറ്റും എടുത്തത്. സ്കോട്ട്ലൻഡിലെ ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിൽനിന്നു പാസ്റ്ററൽ കൗൺസിലിംഗിലും വൈദഗ്ധ്യം നേടി.

വേദശാസ്ത്രപണ്ഡിതയായ എലിസബത്ത് ജോയി യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന സെക്രട്ടറി ഫാ. ജോർജ് ജോയിയുടെ സഹധർമ്മിണി ആണ്. ഭദ്രാസന എക്യുമെനിക്കൽ റിലേഷൻസസ് ഡെപ്യൂട്ടി സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ലണ്ടൻ കിംഗ്സ് കോളജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് സിസ്റ്റമാറ്റിക് തിയോളജി പ്രൊഫസറായ എലിസബത്ത് ജോയി ലണ്ടൻ കിംഗ്സ് കോളജിൽ തിയോളജിയിൽ പിഎച്ച്ഡി ഗവേഷക കൂടിയാണ്. മിഷൻ എഡ്യുക്കേഷൻ ഓഫ് കൗൺസിൽ ഫോർ വേൾഡ് മിഷന്റെ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറിയാണ്. തികഞ്ഞ മിഷണറി കൂടിയായ എലിസബത്ത് കൊച്ചമ്മ, മനുഷ്യാവകാശങ്ങൾക്കുവേണ്ടി ഗ്ലോബൽ വേദികളിൽ ശബ്ദമുയർത്തുന്നത് കൂടാതെ എക്യുമിനിക്കൽ സോളിഡാരിറ്റിയുടെ വക്‌താവും ആണ്. മിയോറ വേൾഡ് മിഷന്റെ ഓണററി ഡയറക്ടർ എന്ന നിലയിൽ അന്തർദേശീയ തലത്തിൽ മനുഷ്യക്കടത്തിനെതിരായി ശക്‌തമായ നിലയിൽ ശബ്ദമുയർത്തിക്കൊണ്ടിരിക്കുന്നു.

മലങ്കരസഭയുടെ അമേരിക്കയിലെ യുവതലമുറയ്ക്ക് മാതൃകയായി അവർക്ക് സഭാ ജീവിതത്തിലേക്കുളള വഴികാട്ടുവാൻ നിയുക്‌തനായിരിക്കുന്ന യുവ വൈദികനാണ് ഫാ. ക്രിസ്റ്റഫർ മാത്യു, ഫാ. മാമ്മൻ മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായ ഫാ. ക്രിസ്റ്റഫർ മാത്യു ജനിച്ചതും വളർന്നതുമെല്ലാം ഹൂസ്റ്റണിൽ.

2009 ൽ കാലം ചെയ്ത മാത്യൂസ് മാർ ബർണബാസ് മെത്രാപ്പോലീത്തായാണ് ശെമ്മാശനായി വാഴിച്ചത്. 2011 ൽ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായിൽ നിന്നും വൈദികനായി പട്ടമേറ്റു. തിയോളജിയിലെ ബാച്ചിലേഴ്സ് പഠനത്തിന് ശേഷം സെന്റ് ടിക്കോൺസ് തിയോളജിക്കൽ സെമിനാരിയിൽ നിന്നും ഡിവിനിറ്റിയിൽ മാസ്റ്റേഴ്സ് എടുത്തു. കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ലിറ്റർജിക്കൽ ട്രെയിനിങ് പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോൾ ഡാലസിലെ സെന്റ് ജെയിംസ് മിഷൻ ഇടവക വികാരി. ഭാര്യ മേരി. മകൻ കാലേബ്.

കോൺഫറൻസ് വേദിയിൽ പ്രകാശനം ചെയ്യാനുള്ള സ്മരണികയുടെ അവസാനവട്ട മിനുക്കു പണികൾ നടന്നുവരുന്നു. കൗൺസിൽ അംഗം കൂടിയായ ഡോ.സാക്ക് സക്കറിയ ആണ് സുവനീർ ബിസിനസ്സ് മാനേജർ. ലിൻസി തോമസ് ആണ് ചീഫ് എഡിറ്റർ. ജീമോൻ വർഗീസാണ് കോൺഫറൻസിന്റെ ട്രഷറർ.
ന്യൂയോർക്ക് റോക്ക്ലാൻഡ് കൗണ്ടി ഏരിയയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ മാത്രം യാത്രാദൂരമുള്ള അൾസ്റ്റർ കൗണ്ടിയിലെ മനോഹരപ്രദേശമായ കാറ്റ്സ്കിൽ ഷോൺഗണ്ണിൽ 250 ഏക്കറിൽ പരന്നു കിടക്കുന്ന ഓണേഴ്സ് ഹേവൻ റിസോർട്ട് ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നവരെ വരവേൽക്കാനായി ഒരുങ്ങിക്കഴിഞ്ഞു. സ്റ്റൈലിഷ് ആയ ഫോർ സ്റ്റാർ റിസോർട്ടാണിത്. കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ഇവിടുത്തെ അന്തരീക്ഷംപ്രദാനം ചെയ്യുക ഒരു പുത്തൻ അനുഭവമായിരിക്കും. 235 ഗസ്റ്റ്മുറികളും ഗ്രാൻഡ് ബാങ്ക്വറ്റ് ഹാളും മറ്റ് കോൺഫറൻസ് ബ്രേക്ക് ഔട്ട് മുറികളും ജിംനേഷ്യം സ്വിമ്മിങ് പൂളുകളും മനോഹരമായ പുൽത്തകിടികളുമൊക്കെ ഓണേഴ്സ് ഹേവനെ എല്ലാം തികഞ്ഞൊരു കോൺഫറൻസ് സെന്ററായി മാറ്റുന്നു.

കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ചുള്ള പ്രോഗ്രാമുകൾ, യാമപ്രാർത്ഥനകൾ, ഗാനശുശ്രൂഷകൾ, ധ്യാനയോഗങ്ങൾ, ചർച്ചാവേദികൾ, വ്യത്യസ്തമായ കലാകായിക മത്സരങ്ങൾ എന്നിവയൊക്കെയായി എല്ലാം തികഞ്ഞൊരു കുടുംബസംഗമത്തിനായി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം തയ്യാറെടുത്തു കഴിഞ്ഞു. ഇനി എല്ലാ ആത്മീയ വഴികളും എലൻവില്ലിലേക്ക്. രണ്ടു മണിയോടു കൂടി എല്ലാവരും കോൺഫറൻസ് സെന്ററിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

<യ> റിപ്പോർട്ട്: ജോർജ് തുമ്പയിൽ