സാബു സ്കറിയ ഫോമ മിഡ് അറ്റ്ലാന്റിക് റീജൺ വൈസ് പ്രസിഡന്റ്
Monday, July 11, 2016 5:08 AM IST
ഫിലാഡൽഫിയ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ (ഫോമ) 2016–18 ലേക്കു ഫ്ളോറിഡയിലെ മയാമിയിൽ നടന്ന തെരഞ്ഞെടുപ്പിൽ മിഡ് അറ്റ്ലാന്റിക് റീജിയനിലെ ആറു സംഘടനകളായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ, കേരളാ ആർട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക, കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്സി, സൗത്ത് ജേഴ്സി അസോസിയേഷൻ ഓഫ് കേരളൈറ്റ്സ്, കേരള സമാജം ഓഫ് ന്യൂജേഴ്സി, ഡെലവെയർ മലയാളി അസോസിയേഷൻ എന്നീ സംഘടനകളെ പ്രതിനിധീകരിച്ച് മിഡ് അറ്റ്ലാന്റിക് റീജിയന്റെ ആർവിപിയായി സാബു സ്കറിയയെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

സാബു സ്കറിയ മാപ്പിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്പോർട്സ് ചെയർമാൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ ബോർഡ് ഓഫ് ട്രസ്റ്റി മെമ്പറായി പ്രവർത്തിക്കുന്നു. ഫോമയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സാബുവിന്റെ പ്രവർത്തന പരിചയവും, നേതൃപാടവവും ഒരു മുതൽക്കൂട്ടായിരിക്കുമെന്നു മിഡ് അറ്റ്ലാന്റിക് റീജിണിലെ എല്ലാ സംഘടനാ നേതാക്കളും ഒരുപോലെ വിലയിരുത്തി.

ഫോമാ മിഡ് അറ്റ്ലാന്റിക് റീജണിലെ എല്ലാ സംഘടനാ പ്രതിനിധികളോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം വരാനിരിക്കുന്ന രണ്ടുവർഷത്തെ ഫോമയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ സംഘടനകളുടേയും സുഹൃത്തുക്കളുടേയും പൂർണപിന്തുണ അഭ്യർഥിക്കുന്നതായി സാബു അറിയിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം