ഡാളസ് വെടിവയ്പ്: അക്രമിയെ തിരിച്ചറിഞ്ഞു
Friday, July 8, 2016 10:08 PM IST
ഡാളസ്: അമേരിക്കയിലെ ഡാളസിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ അഞ്ചു പോലീസുകാരെ കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു. മിഖാ സേവ്യർ ജോൺസൺ എന്ന ഇരുപത്തഞ്ചുകാരൻ ആണ് അക്രമിയെന്ന് ഡാളസ് പോലീസ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. സൈനിക ഉദ്യോഗസ്‌ഥനായിരുന്ന ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഡാളസ് പോലീസ് വെളിപ്പെടുത്തി.

അക്രമിയുടെ വീട് പരിശോധിച്ചപ്പോൾ ബോംബ് നിർമാണ വസ്തുക്കൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. തോക്ക്, വെടിമരുന്നുകൾ, യുദ്ധ തന്ത്രങ്ങളെക്കുറിച്ച് കുറിപ്പുകൾ തുടങ്ങിയവയും അക്രമിയുടെ വീട്ടിൽ നിന്ന് ലഭിച്ചു. ഇയാൾ ഒറ്റയ്ക്കു വെടിവെയ്പ്പ് നടത്തിയെന്നാണ് പോലീസ് കരുതുന്നത്. നഗരത്തിൽ സ്‌ഥിതിഗതികൾ ശാന്തമായെന്നും മേയർ മൈക്ക് റൗളിംഗ്സ് പറഞ്ഞു.

കറുത്തവർഗക്കാർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടന്ന മാർച്ചിനിടെയാണ് പോലീസുകാർ കൊല്ലപ്പെട്ടത്. പ്രതിഷേധ മാർച്ച് നടക്കുന്നതിനിടെ അക്രമി പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.