പെരുന്നാൾ പൊൻപുലരിയിൽ കുവൈത്ത്
Friday, July 8, 2016 5:11 AM IST
കുവൈത്ത്: ആത്മ സംസ്കരണത്തിന്റെ ഒരു മാസത്തെ നിറവിൽ വിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷിച്ചു. നിരവധി മലയാളികൾ തിങ്ങി പാർക്കുന്ന അബാസിയിൽ വിവധ സംഘടനകളുടെ നേതൃത്വത്തിൽ പള്ളി കേന്ദ്രീകൃതമായി ഈദ് ഗാഹുകൾ നടന്നു. സുരക്ഷാകാരണങ്ങളാൽ ഈദ് ഗാഹുകൾക്ക് ഗ്രൗണ്ടുകളിൽ നടത്തുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയിരുന്നു. വ്രതത്തിലൂടെ നേടിയ ആത്മസംസ്കരണം തുടർന്നങ്ങോട്ടും നിലനിർത്താനും പെരുന്നാൾ നമസ്കാര ഖുതുബയിൽ ഇമാമുമാർ ഉണർത്തി.

മതത്തിനു നിരക്കാത്ത പ്രവർത്തനങ്ങൾ മതത്തിന്റെ പേരിൽ നടത്തുന്നതിനെതിരെ പോരാടണം. തീവ്രവാദത്തിന് എതിരെയായിരിക്കണം വിശ്വാസിയുടെ പോരാട്ടം. പ്രശ്നപരിഹാരത്തിന് തീവ്രവാദത്തെ ആയുധമാക്കുന്നവർ മാനവികതയ്ക്കെതിരെ നിലകൊള്ളുന്നവരാണെന്നും അവർ ഉദ്ബോധിപ്പിച്ചു.

മസ്ജിദുൽ കബീറിൽ നടന്ന നമസ്കാരത്തിൽ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അർ മുബാറക് അൽ ഹമദ് അൽ സബാഹ്, പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം തുടങ്ങിയവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ