ബജറ്റ് കമ്മിയിൽ അവസാനിച്ചു; സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടി
Friday, July 8, 2016 5:11 AM IST
കുവൈത്ത് : വർഷങ്ങൾക്കുശേഷം കുവൈത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കനത്ത തിരിച്ചടി സമ്മാനിച്ച് സാമ്പത്തിക ബജറ്റ് കമ്മിയിൽ അവസാനിച്ചു.

ഈ വർഷത്തെ ബജറ്റ് 550 കോടി ദീനാർ കമ്മിയിൽ അവസാനിച്ചതായി ഉപപ്രധാനമന്ത്രിയും ധന, എണ്ണമന്ത്രിയുമായ അനസ് അൽസാലിഹാണു പാർലമെന്റിൽ വ്യക്‌തമാക്കിയത്.

1990 കോടി ദിനാർ ചെലവും 1350 കോടി ദിനാർ വരവുമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയത്. 16 വർഷത്തിനിടയിൽ ആദ്യമായാണ് ബജറ്റ് കമ്മിയിൽ അവസാനിക്കുന്നത്. മുൻ വർഷങ്ങളിൽ വൻ കമ്മിയിൽ അവതരിപ്പിക്കുന്ന ബജറ്റ് സാമ്പത്തിക വർഷാവസാനമാവുമ്പോഴേക്കും മിച്ച ബജറ്റായി മാറുകയായിരുന്നു പതിവ്.

രാജ്യത്തിന്റെ മുഖ്യവരുമാനസ്രോതസായ എണ്ണയ്ക്ക് ആഗോള വിപണിയിൽ ലഭിക്കുന്ന വൻ വിലയായിരുന്നു കാരണം. രാജ്യാന്തര വിപണിയിൽ എണ്ണയ്ക്ക് ബാരലിന് നൂറു ഡോളറിലധികം വിലയുള്ള സമയത്തും 6070 ഡോളർ മാത്രമാണ് ബജറ്റിൽ കണക്കാക്കിയിരുന്നത്. ദിവസേന ശരാശരി 30 ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യത്ത് അതിന്റെ ഭൂരിഭാഗവും കയറ്റി അയക്കുന്നതിനാൽതന്നെ വൻ വരുമാനമുണ്ടാവുന്നു. ഇതുകൊണ്ടുതന്നെ ബജറ്റിൽ കണക്കാക്കിയ കമ്മിയുടെ നിരവധി ഇരട്ടി മിച്ചത്തിലാണ് സാമ്പത്തിക വർഷം അവസാനിക്കാറുണ്ടായിരുന്നത്. എന്നാൽ, എണ്ണവില കുത്തനെ ഇടിഞ്ഞതോടെ ഇതിനു മാറ്റമുണ്ടായിത്തുടങ്ങുമെന്ന ആശങ്ക കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ യാഥാർഥ്യമായിരിക്കുകയാണ്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ