അറയ്ക്കലിന്റെ ചരിത്രം തേടി ഖത്തർ രാജകുടുംബത്തിന്റെ മത ഉപദേഷ്‌ടാവ്
Friday, July 8, 2016 12:36 AM IST
കണ്ണൂർ: മുത്തവല്ലി സമ്പ്രദായം നിലനിൽക്കുന്ന കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കലിന്റെ ചരിത്രം തേടി ഖത്തർ രാജകുടുംബത്തിന്റെ പ്രതിനിധിയെത്തി. ഖത്തർ രാജകുടുംബത്തിന്റെ മതകാര്യ വിഭാഗം ഉപദേഷ്‌ടാവ് ഷെയ്ഖ് മഹമൂദ് അൽ അനാനിയാണ് വ്യാഴാഴ്ച വൈകുന്നേരം കണ്ണൂരിലെ അറയ്ക്കൽ മ്യൂസിയവും ചരിത്രപ്രാധാന്യമുള്ള കണ്ണൂർസിറ്റി ജുമാ മസ്ജിദും സന്ദർശിച്ചത്. അറബ് രാജവംശങ്ങളിൽ നിലനിൽക്കുന്ന മുസ്തഷാർ രീതിയും ഇന്ത്യയിലെ മുത്തവല്ലി രീതിയും തമ്മിൽ ഏറെ ബന്ധമുണ്ടെന്ന് ഷെയ്ഖ് മഹമൂദ് അൽ അനാനി അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് വിശദമായി പഠിക്കാനാണു ഷെയ്ഖ് മഹമൂദ് കണ്ണൂരിലെത്തിയത്.

അറയ്ക്കലിന്റെ ചരിത്രശേഷിപ്പായി നിലകൊള്ളുന്ന മ്യൂസിയത്തിലെത്തിയ അദ്ദേഹം ദർബാർ ഹാൾ അടക്കമുള്ള പഴയകാലത്തെ ചരിത്രശേഷിപ്പുകൾ നേരിട്ടുകണ്ടു. 1,000 വർഷം മുമ്പ് തന്നെ കേരളവും അറബ് രാജ്യങ്ങളുമായി മികച്ച വ്യാപാരബന്ധമാണ് ഉണ്ടായിരുന്നത്. കേരളവും അറബ് രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന അഭേദ്യമായ വ്യാപാരബന്ധം പുരാതനകാലം മുതലേ പ്രശസ്തമായിരുന്നു. ഇതിലൂടെ പുതിയൊരു ഇന്തോ–അറബ് സംസ്കാരം രൂപപ്പെട്ടിട്ടുണ്ട്. ഇന്തോ–അറബ് സംസ്കാരത്തിന്റെ ഫലമായി നിരവധി സ്‌ഥാപനങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം സ്‌ഥാപനങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഷെയ്ഖ് മഹമൂദ് അൽ അനാനി പറഞ്ഞു.

മ്യൂസിയത്തിലെത്തിയ അദ്ദേഹത്തെ മ്യൂസിയം മാനേജർ എം.വി അബ്ദുൽ മജീദ്, കെ.പി. അബ്ദുസമദ് അമാനി, പിആഒ യാസർ, മുഹമ്മദ് റുഷ്ദി എന്നിവർ സ്വീകരിച്ചു.