സമസ്ത ബഹറിൻ പെരുന്നാൾ നിസ്കാരം സംഘടിപ്പിച്ചു
Thursday, July 7, 2016 8:29 AM IST
മനാമ: ബഹറിനിൽ നിലവിൽ പ്രാർഥനാ സൗകര്യമില്ലാത്ത ജിദ്ഹഫ്സിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്കായി പതിവു പോലെ സമസ്ത ബഹറിൻ കേന്ദ്ര ഘടകത്തിനു കീഴിൽ ജിദ്ഹഫ്സ് ഏരിയ കമ്മിറ്റി അൽ ശബാബ് ഇന്റോർ സ്റ്റേഡിയത്തിൽ ഈദ് മുസ്വല്ല സംഘടിപ്പിച്ചു.

മലയാളികൾക്കു പുറമെ പാക്കിസ്‌ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്നുള്ളവരടക്കം നിരവധി വിശ്വാസികൾ തടിച്ചു കൂടിയ പെരുന്നാൾ നിസ്കാരത്തിനും ഖുതുബക്കും സമസ്ത ബഹറിൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ചു തങ്ങൾ ഹിന്ദിയിൽ നൽകിയ പെരുന്നാൾ സന്ദേശം ശ്രദ്ധേയമായി.

പരസ്പരം സ്നേഹവും സന്തോഷവും പരത്തണമെന്നും അതിലൂടെ മാത്രമേ വളർന്നു വരുന്ന വിധ്വംസക പ്രവർത്തനങ്ങളെ തടയാനും ശാന്തിയും സമാധാനവും നിലനിർത്താനും കഴിയൂവെന്നും വ്യക്‌തമാക്കിയ തങ്ങൾ വിശ്വാസികൾ പരസ്പരം സലാം പറയുന്നത് വ്യാപകമാക്കണമെന്നും ആഹ്വാനം ചെയ്തു.

ലോകത്ത് ശാന്തിയും സമാധാനവും പ്രചരിപ്പിക്കാനെത്തിയ പ്രവാചകന്മാരുടെ ആസ്‌ഥാനങ്ങൾ പോലും ആക്രമിക്കപ്പെടുന്ന പ്രവണതയെ തീവ്രവാദമെന്നല്ല, മൃഗീയതയെന്നാണ് പറയേണ്ടതെന്നും പവിത്രമായ ഇത്തരം സ്‌ഥലങ്ങളെ മൃഗീയതകൾ കൊണ്ട് മലിനപ്പെടുത്തുന്നവരെ ജാതിയും മതവും തിരിച്ചു കാണാൻ സാധ്യമല്ലെന്നും അവർക്കു ജാതിയോ മതമോ ഇല്ലെന്നും ഫഖ്റുദ്ദീൻ തങ്ങൾ പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു.

ഭീകരവാദവും വർഗീയതയും വെടിഞ്ഞ് ഒരു ആണിൽ നിന്നും പെണ്ണിൽ നിന്നുമാണ് നിങ്ങളെ അല്ലാഹു സൃഷ്‌ടിച്ചതെന്ന വിശുദ്ധ ഖുർആന്റെ ആശയത്തിലേക്ക് എല്ലാവരും മടങ്ങണമെന്നും ഈ രാജ്യത്ത് സ്നേഹവും സമാധാവും വളർത്താൻ പരിശ്രമിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.