ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ്: ന്യൂസ് ബുള്ളറ്റിൻ പുറത്തിറക്കുന്നു
Thursday, July 7, 2016 8:25 AM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ വിശേഷങ്ങൾ ലഭ്യമാക്കുന്നതിനായി ‘കോൺഫറൻസ് ക്രോണിക്കിൾ’ എന്ന പേരിൽ എല്ലാ ദിവസവും ന്യൂസ് ബുള്ളറ്റിൻ പുറത്തിറക്കുന്നു. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി കോഓർഡിനേറ്റർ ഫാ. വിജയ് തോമസ് അറിയിച്ചു.

കഴിഞ്ഞ വർഷം ഹിറ്റായ ന്യൂസ് ലെറ്ററിന് ‘കോൺഫറൻസ് ക്രോണിക്കിൾ’ എന്നു പേരിട്ടത് ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാർ നിക്കോളോവോസ് ആണ്. ജൂലൈ 13 (ബുധൻ) മുതൽ 16 (ശനി) വരെ അപ്സ്റ്റേറ്റ് ന്യൂയോർക്കിലുള്ള എലൻവിൽ ഓണേഴ്സ് ഹേവൻ റിസോർട്ടിലാണു കോൺഫറൻസ്.

ഓരോ ദിവസത്തെയും പരിപാടികളെക്കുറിച്ചും പിറ്റേന്നത്തെ ഷെഡ്യൂളിനെക്കുറിച്ചും വിശദ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ന്യൂസ് ലെറ്റർ പുറത്തിറങ്ങുന്നത്. കോൺഫറൻസ് ക്രോണിക്കിളിന്റെ പ്രസിദ്ധീകരണത്തിനായി എലൻവിൽ ഓണേഴ്സ് ഹേവൻ കോൺഫറൻസ് വേദിയോടു ചേർന്നു ആധുനിക സജ്‌ജീകരണങ്ങൾ നിറഞ്ഞ മീഡിയ സെന്റർ പൂർണ സജ്‌ജമാക്കും. എല്ലാ ദിവസവും ബെഡ് കോഫിയോടൊപ്പം രാവിലെ ആറിന് കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാക്കുന്ന വിധത്തിലാണ് ന്യൂസ് ബുള്ളറ്റിൻ പ്രസിദ്ധീകരിക്കുന്നത്. ഇതിനുവേണ്ടി ജോർജ് തുമ്പയിൽ ചീഫ് എഡിറ്ററായി ഒരു പ്രത്യേക ടീം പ്രവർത്തിക്കും. ഫാ. പൗലോസ് ടി. പീറ്റർ, റവ. ഡോ. വർഗീസ് ഡാനിയൽ, ഫാ. ഷിബു ഡാനിയൽ, വർഗീസ് പ്ലാമൂട്ടിൽ, ഫിലിപ്പോസ് ഫിലിപ്പ്, വർഗീസ് പോത്താനിക്കാട്, മാത്യു സാമുവൽ, ലിൻസി തോമസ് എന്നിവരാണ് ഓൺസൈറ്റ് പബ്ലിക്കേഷൻ കോൺട്രിബ്യൂട്ടിംഗ് എഡിറ്റേഴ്സായി പ്രവർത്തിക്കുന്നത്.

കോൺഫറൻസിനോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീർ ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് പ്രകാശിപ്പിക്കുമെന്നു സുവനീർ ചീഫ് എഡിറ്റർ ലിൻസി തോമസ്, ബിസിനസ് മാനേജർ ഡോ. സാക്ക് ജി. സഖറിയ എന്നിവർ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ