ഹില്ലരിയുടെ പ്രചാരണത്തിന് ഒബാമയും
Tuesday, July 5, 2016 6:07 AM IST
ഷാർലെറ്റ്: അമേരിക്കൻ പ്രസിഡന്റു തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റന്റെ പ്രചാരണ യോഗങ്ങളിൽ മുഖ്യാതിഥിയായി പ്രസിഡന്റ് ബറാക് ഒബാമയും. ചൊവ്വാഴ്ച നോർത്ത് കരോലിനയിലെ ഷാർലെറ്റിൽ നടക്കുന്ന യോഗത്തിലാണ് ഇരുവരും പങ്കെടുക്കുക.

നോർത്ത് കരോലിന തിരഞ്ഞെടുത്തതിനു രാഷ്ര്‌ടീയ നിരീക്ഷകർ വലിയ പ്രാധാന്യം കല്പിക്കുന്നു. 2008ൽ ബറാക് ഒബാമയ്ക്ക് വലിയ ഭൂരിപക്ഷം നൽകിയ സംസ്‌ഥാനം പക്ഷേ 2012ൽ നേരിയ വോട്ടു വ്യത്യാസത്തിൽ ഒബാമയെ കൈവിട്ടിരുന്നു. ഒബാമയുടെ ആദ്യ ഊഴത്തിന്റെ പ്രചാരണത്തിനുശേഷം സംസ്‌ഥാന രാഷ്ര്‌ടീയത്തിൽ വലിയ മാറ്റം വന്നു. ഇപ്പോൾ സ്ത്രീവോട്ടർമാർ നിർണായക ശക്‌തിയായി മാറിയിട്ടുണ്ടെന്നും ഒരു സ്ത്രീ പ്രസിഡന്റാവാൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ കരുതുന്നു.

ഇതോടൊപ്പം റിപ്പബ്ലിക്കൻ പാർട്ടി നിയന്ത്രണത്തിലുളള നിയമസഭാ സംസ്‌ഥാന വിവേചന നിയമങ്ങളിൽ നൽകിയിരുന്ന സംരക്ഷണം സമലിംഗക്കാർക്കും ഭിന്നലിംഗക്കാർക്കും നൽകേണ്ടതില്ല എന്നു തീരുമാനിച്ചതും തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. ജനന സർട്ടിഫിക്കേറ്റിലെ ലിംഗം അനുസരിച്ച് പൊതുസ്‌ഥാപനങ്ങളിലെ റെസ്റ്റ് റൂമുകൾ ഉപയോഗിക്കണം എന്ന സംസ്‌ഥാന നിർദേശം വലിയ വിവാദത്തിനു കാരണമായിരുന്നു.

2012ൽ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി മീറ്റ് റോംനിയും ഒബാമയും തമ്മിൽ രൂക്ഷ മത്സരം നടന്ന ഒരു ഡസൻ സംസ്‌ഥാനങ്ങളിൽ പ്രചാരണം ശക്‌തമാക്കാനാണ് ഹില്ലരിയുടെ പ്രചാരക സംഘത്തിന്റെ തീരുമാനം. ഒബാമ ചെയ്തതുപോലെ വേനലിൽ തന്നെ 270 ഇലക്ടറൽ വോട്ടുകൾ സ്വരൂപിക്കുവാനാണ് ഹില്ലരി ലക്ഷ്യമിടുന്നത്. ഫ്ളോറിഡയും ഒഹായോവും നോർത്ത് കരോളിനയും ഒപ്പം നിർത്തി തെരഞ്ഞെടുപ്പു ദിനം ആത്മവിശ്വാസത്തോടെ നേരിടുകയാണ് ഉദ്ദേശം.

ഡെമോക്രാറ്റിക് പാർട്ടിയുടെ സ്‌ഥാനാർഥിയാവും എന്നു കരുതപ്പെടുന്ന (പ്രിസംപ്റ്റീവ് കാൻഡിഡേറ്റ്) ഹില്ലരി ഒബാമയ്ക്കൊപ്പം ജൂൺ പകുതിയാവുമ്പോൾ വിസ്കോൺസിനിലെ ഗ്രീൻ ബേയിൽ പ്രത്യക്ഷപ്പെടാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഒർലാൻഡോയിലെ നിശാക്ലബിൽ നടന്ന കൂട്ടക്കൊലയായിരുന്നു കാരണം.

നോർത്ത് കരോളിനയിൽ രജിസ്റ്റർ ചെയ്ത വോട്ടർമാർ ഡെമോക്രാറ്റുകൾ 26 ലക്ഷം, റിപ്പബ്ലിക്കുകൾ 20 ലക്ഷം, രാഷ്ര്‌ടീയ ചായ്വ് വ്യക്‌തമാക്കാത്തവർ 19 ലക്ഷം എന്നിങ്ങനെയാണ്. വോട്ടർമാരിൽ 53 ശതമാനം സ്ത്രീകളാണ്.

ത്രികോണ നഗരങ്ങൾ എന്നറിയപ്പെടുന്ന റാലി, ഡർഹം, ചാപ്പൽ ഹിൽ എന്നിവയിൽ കൂടുതൽ വോട്ടർമാരെ രജിസ്റ്റർ ചെയ്യിക്കുക, സംസ്‌ഥാന മൊട്ടാകെ കറുത്ത വർഗക്കാരുടെ പിന്തുണ തേടുക എന്നിവയ്ക്കാണ് പ്രചാരണ സംഘം പ്രാധാന്യം നൽകുന്നത്. 2012ൽ റോംനിയുടെ ഭൂരിപക്ഷം കുറയ്ക്കുവാൻ ഒബാമയ്ക്കു കഴിഞ്ഞത് കറുത്ത വർഗക്കാരെ കൂടുതലായി വോട്ടു ചെയ്യിക്കുവാൻ കഴിഞ്ഞതുകൊണ്ടാണ്. 2012ൽ 3,40,000 വോട്ടർമാരെ കൂടുതലായി രജിസ്റ്റർ ചെയ്യിക്കുവാൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞു. ഇവരിൽ 23 ശതമാനം കറുത്ത വർഗക്കാരായിരുന്നു. ഇത് 2008നെ അപേക്ഷിച്ചു കൂടുതലായിരുന്നു.

<ആ>റിപ്പോർട്ട്: ഏബ്രഹാം തോമസ്