ഫുജെറ കത്തോലിക്ക ദേവാലയത്തിൽ ദുക്റാന തിരുനാൾ ആചരിച്ചു
Monday, July 4, 2016 5:18 AM IST
ഫുജൈറ: ഭാരതത്തിന്റെ അപ്പസ്തോലനായ മാർ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ഫുജെറയിലെ മലയാളം കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ കത്തോലിക്ക ദേവാലയത്തിൽ ആചരിച്ചു.

ദുക്റാന ദിനമായ ജൂലൈ മൂന്നിനു നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോയ് വാതല്ലൂർ മുഖ്യകാർമികത്വം വഹിച്ചു.

തോമാശ്ലീഹായുടെ ഭാരതത്തിന്റെ പ്രേക്ഷിത പ്രവർത്തനങ്ങളേയും കേരളത്തിലെ വിശ്വാസ പാരമ്പര്യങ്ങളേയും വിശദമാക്കുന്ന സാന്തോം എക്സിബിഷൻ ജൂൺ 30 മുതൽ ജൂലൈ മൂന്നു വരെ തിരുനാളിനോടനുബന്ധിച്ചു നടത്തി.

ഇടവക വികാരി ഫാ. സഗായരാജ്, ഫാ. ജോയ് വാതല്ലൂർ, ഫാ. അരുൾ ശേഖർ, ഫാ. സുരേഷ്, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് മെൽവിൻ വാസ്, മലയാളം കാത്തലിക് കമ്യൂണിറ്റി കോ–ഓർഡിനേറ്റർ ജോർജ് മീനത്തേക്കോണിൽ, മുൻ കോ–ഓർഡിനേറ്റർമാരായ ജോണി കോച്ചേരി, സതീഷ് ബാബു, പ്രോഗ്രാം കോ–ഓർഡിനേറ്റർ ഷിബു കുന്നക്കാട് എന്നിവർ നിലവിളക്കു തെളിച്ച് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.

അപ്പസ്തോലന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ, സ്‌ഥാപിച്ച പള്ളികൾ, ആചാരങ്ങൾ, കലാരൂപങ്ങൾ, നിലനിൽക്കുന്ന പാരമ്പര്യങ്ങൾ തുടങ്ങിയ പ്ലോട്ടുകളും പോസ്റ്ററുകളും എക്സിബിഷനിൽ ഒരുക്കിയിരുന്നു. രാജേഷ് ജോസഫ്, എബി സാമുവൽ എന്നിവർ അവതാരകരായിരുന്നു.

പരമ്പരാഗത ക്രിസ്ത്യൻ കലാരൂപമായ മാർഗം കളിയുടെയും പരിചമുട്ട് കളിയുടെയും അവതരണം എക്സിബിഷനോടനുബന്ധിച്ചു നടന്നു.