പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു
Monday, July 4, 2016 5:07 AM IST
ദോഹ: ഈദുൽ ഫിത്വറിനോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്റെ പ്രകാശനം ഇന്ത്യൻ കോഫി ഹൗസിൽ നടന്നു. സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്‌തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ ബ്രാഡ്മ ഗ്രൂപ്പ് ചെയർമാൻ കെ.എൽ ഹാഷിം ഹാജിക്ക് ആദ്യ പ്രതി നൽകി ഗ്രാന്റ്മാൾ റീജണൽ ഡയറക്ടർ അഷ്റഫ് ചിറക്കലാണ് പ്രകാശനം നിർവഹിച്ചത്. ഫ്രന്റ്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശേരി റംസാൻ വിടപറയുമ്പോൾ എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു.

ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് ഗിരീഷ് കുമാർ, ഐബിപിഎൻ പ്രസിഡന്റ് കെ.എം. വർഗീസ്, ഖത്തർ സ്റ്റാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ടി.എം. കബീർ, സ്റ്റാർ കാർ വാഷ് മാനേജിംഗ് ഡയറക്ടർ പി.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. സ്പീഡ്ലൈൻ പ്രിന്റിംഗ് പ്രസ് മാനേജിംഗ് ഡയറക്ടർ ഉസ്മാൻ കല്ലൻ, ഫോട്ടോ ഗൾഫ് സെയിൽസ് മാനേജർ ജാഫർ, വിംഗ്സ് ഫ്രഷ് ഡയറക്ടർ മനു ജോസഫ്, അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.വി. ഹംസ, ജെറ്റ് എയർവേയ്സ് സെയിൽസ് മാനേജർ അൻഷാദ് ഇബ്രാഹിം തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തിൽ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൗഹാർദം മെച്ചപ്പെടുത്തുവാനും സഹായകരമാകണമെന്നതാണ് ഈ പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യമെന്ന് ചടങ്ങിൽ സംസാരിച്ച മീഡിയ പ്ലസ് സിഇഒ അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. പെരുന്നാൾ സ്നേഹത്തിന്റെയും സൗഹാർദ്ധത്തിന്റേയും സന്ദേശമാണു ലോകത്തിനു നൽകുന്നത്. പ്രവാസി കൂട്ടായ്മകളും കുടുംബ സംഗമങ്ങളും ആഘോഷങ്ങളെ അർഥവത്താക്കുമെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്കു സ്നേഹ സന്ദേശങ്ങൾ കൈമാറുവാനും ഈദിന്റെ ചൈതന്യം നിലനിർത്തുവാനും പെരുന്നാൾ നിലാവ് സഹായകമാകുമെന്നു അദ്ദേഹം പറഞ്ഞു.

പെരുന്നാൾ നിലാവ് ചീഫ് കോ–ഓർഡിനേറ്റർ ഷറഫുദ്ദീൻ തങ്കയത്തിൽ, മാർക്കറ്റിംഗ് കോ–ഓർഡിനേറ്റർ അബ്ദുൽ ഫത്താഹ് നിലമ്പൂർ, മുഹമ്മദ് റഫീഖ് തങ്കയത്തിൽ, അഫ്സൽ കിളയിൽ, സിയാഉറഹ്മാൻ മങ്കട, സയ്ദലവി അക്കോട്, ഷബീർ അലി, നിധിൻ തോമസ്, മാത്യു തോമസ്, ഖാജാ ഹുസൈൻ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന മാധ്യമപ്രവർത്തകൻ ഒ.പി. ഷാനവാസിനു യാത്രയയപ്പു നൽകി.