പാസ്പോർട്ട് വെരിഫിക്കേഷൻ വിരൽത്തുമ്പിൽ
Sunday, July 3, 2016 10:46 PM IST
തൃശൂർ: പാസ്പോർട്ട് വെരിഫിക്കേഷൻ ഓൺലൈനാക്കാൻ സ്വന്തമായി സോഫ്റ്റ്വെയർ വികസിപ്പിച്ചു തൃശൂർ ജില്ലാ റൂറൽ പോലീസ്. റൂറൽ പരിധിയിലെ പോലീസ് സ്റ്റേഷനുകളിൽ പാസ്പോർട്ട് അന്വേഷണവുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടിക്രമങ്ങളും കംപ്യൂട്ടർവത്കരിക്കുന്നതാണു പുതിയ സോഫ്റ്റ്വെയർ. കാക്കിക്കുള്ളിലെ കമ്പ്യൂട്ടർ വിദഗ്ദരായ സീനിയർ സിപിഒ സന്തോഷ്കുമാർ, സിപിഒമാരായ ഫീസ്റ്റോ, ശ്രീരാഗ്, ബിനു ഗോപിനാഥ്, മിന്റോ പി. ഫ്രാൻസിസ് എന്നിവരാണ് ഇലക്ട്രോണിക് വെരിഫിക്കേഷൻ ഇന്റർഫേസ് ഫോർ പാസ്പോർട്ട് ആപ്ലിക്കേഷൻസ് എന്ന സോഫ്റ്റ്വെയർ വികസിപ്പിച്ചത്.

പൊതുജനങ്ങൾക്കു പാസ്പോർട്ട് അപേക്ഷയുടെ സ്റ്റാറ്റസ് അറിയുന്നതിനും പാസ്പോർട്ട് സംബന്ധിച്ച സംശയങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ മറുപടി ലഭിക്കാനും സോഫ്റ്റ്വെയർ ഉപകരിക്കും. മൊബൈൽ ബാങ്കിംഗ് പോലെ അപേക്ഷകനും പോലീസുകാർക്കും എസ്എംഎസ് അലർട്ട് സംവിധാനവും പുതിയ സോഫ്റ്റ്വെയറിലൂടെ ലഭിക്കും.

പ്രതിമാസം 5,000 പാസ്പോർട്ട് അപേക്ഷകളിൽ അന്വേഷണം നടത്തേണ്ടിവരുന്ന ജില്ലാ റൂറൽ പോലീസ് മേഖലയിൽ പുതിയ സോഫ്റ്റ്വെയർ വളരെയധികം ഗുണം ചെയ്യും. ലഭിക്കുന്ന അപേക്ഷകൾ 26 പോലീസ് സ്റ്റേറ്റഷനുകളിലേക്കു തരംതിരിച്ചയക്കുകയും തിരിച്ചുവരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതുമെല്ലാം ഇതുവരെ റൂറൽ പോലീസ് മേധാവിയുടെ ഓഫീസിലാണു നടന്നിരുന്നത്.

ഇതിനായി 30 ഓളം രജിസ്റ്ററുകളും ഇവിടെയുണ്ടായിരുന്നു. ഓൺലൈൻ സംവിധാനം വന്നതോടെ ഇത്തരം കാര്യങ്ങളിലെ സങ്കീർണതയും സമയനഷ്‌ടവും ഒഴിവാകും. സ്റ്റേഷനുകളിൽ നിന്ന് അന്വേഷണം പൂർത്തിയായി വരുന്ന അപേക്ഷകൾ അപ്പോൾ തന്നെ റീജണൽ പാസ്പോർട്ട് ഓഫീസിലേക്ക് അയയ്ക്കാനുള്ള സൗകര്യവും പുതിയ സംവിധാനത്തിലുണ്ട്.

പാസ്പോർട്ട് ലഭിക്കാനുള്ള കാലതാമസവും ഇതിലൂടെ ഇല്ലാതാകുന്നു. റൂറൽ പോലീസിന്റെ വെബ്സൈറ്റായ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.വേൃശൈൗൃൃൗൃമഹുീഹ ശരല.ഴീ്.ശി ൽ കയറി പാസ്പോർട്ട് വെരിഫിക്കേഷൻ സ്റ്റാറ്റസ് ലിങ്കിൽ ക്ലിക്ക് ചെയ്താൽ ംംം.യെേെൃൃഹ.ശി എന്ന വെബ്സൈറ്റിൽ പ്രവേശിക്കാം. പാസ്പോർട്ട് സേവന കേന്ദ്രത്തിൽനിന്നു ലഭിച്ച 15 അക്ക ഫയൽ നമ്പർ നൽകിയാൽ അന്വേഷണത്തിന്റെ നിലവിലെ സ്റ്റാറ്റസ് മനസിലാക്കാൻ കഴിയും. ഇവിഐപി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പോലീസ് വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തു ഫോണുകളിലും ഈ സൗകര്യം ഉപയോഗിക്കാം.

പാസ്പോർട്ട് വെരിഫിക്കേഷനായി വരുന്ന പോലീസ് ഉദ്യോഗസ്‌ഥന്റെ സേവനം, പരാതി, സംശയങ്ങൾ തുടങ്ങിയവ ഓൺലൈൻ മുഖേന മേലധികാരികളെ അറിയിക്കാനും സോഫ്റ്റ്വെയറിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ അന്വേഷണത്തിനു പോലീസെത്തുന്ന തീയതി, സമയം എന്നിവ അപേക്ഷകനു മുൻകൂർ അറിയാനും സാധിക്കും.

കെ. കാർത്തിക് റൂറൽ എസ്പി ആയിരിക്കെയാണു ഇവിഐപി സംവിധാനമെന്ന ആശയം ഉടലെടുത്തത്. ജനുവരി ഒന്നു മുതൽ പരീക്ഷണാടിസ്‌ഥാനത്തിൽ ഉപയോഗിച്ചുവരുന്നു. ആറുമാസത്തെ പ്രവർത്തനംകൊണ്ടു മികച്ച സേവനം നൽകാൻ ഇതിലൂടെ കഴിഞ്ഞുവെന്നു സോഫ്റ്റ്വെയറിനു പിന്നിൽ പ്രവർത്തിച്ചവർ പറയുന്നു.