കരിപ്പൂരിൽ ലഗേജ് മോഷണം: യൂസേഴ്സ് ഫോറം പരാതി നൽകി
Saturday, July 2, 2016 7:56 AM IST
ദമാം: ഗൾഫ് മേഖലയിൽ നിന്നും കരിപ്പൂർ എയർപോർട്ടിൽ വന്നിറങ്ങുന്നവരുടെ ലഗേജുകളിൽ നിന്നും സാധനങ്ങൾ നഷ്‌ടപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന കാലിക്കട്ട് എയർപോർട്ട് യൂസേഴ്സ് ഫോറം അധികൃതർക്കു പരാതി നൽകി.

കഴിഞ്ഞ ദിവസം ദമാമിൽ നിന്നും കരിപ്പൂരിൽ കുടുംബത്തോടൊപ്പം വന്നിറങ്ങിയ സാമൂഹിക പ്രവർത്തകൻ റഫീഖ് കൂട്ടിലങ്ങാടിയുടെ ലഗേജിൽ നിന്നും മൂന്നു വാച്ചുകൾ നഷ്‌ടമായിരുന്നു. വീട്ടിലെത്തി പെട്ടി തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഈ വിഷയം കാലിക്കട്ട് യൂസേഴ്സ് ഫോറം ജനറൽ കൺവീനർ ടി.പി.എം. ഫസൽ എയർപോർട്ട് ടെർമിനൽ മാനേജർ വൽസന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം റഫീഖ് കരിപ്പൂർ പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.

ആസൂത്രിതമായി നടത്തുന്ന ഇത്തരം മോഷണങ്ങൾ തടയേണ്ടതുണ്ടെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും സമാന സംഭവങ്ങളിൽ പോലീസിൽ പരാതി നൽകാൻ പ്രവാസികൾ തയാറാവണമെന്നും വൽസൻ ആവശ്യപ്പെട്ടു. സിസിടിവി സംവിധാനമടക്കം ഉപയോഗപ്പെടുത്തി ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു റഫീക് നൽകിയ പരാതിയിൽ പറഞ്ഞു. ടി.പി.എം ഫസലും റഫീഖിനൊപ്പം ഉണ്ടായിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രവാസികളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത് ദൗർഭാഗ്യകരമാണെന്ന് ടി.പി.എം. ഫസൽ പറഞ്ഞു. മറ്റൊരു പ്രവാസിക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകരുതെന്നും പരാതിയുടെ കോപ്പി എയർപോർട്ട് ഡയറക്ടർക്കും ടെർമിനൽ മാനേജർക്കും നൽകിയതായി റഫീഖ് പറഞ്ഞു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം