മൊബൈൽ കണക്ഷൻ: സമയ പരിധി ജൂലൈ 20ലേക്കു നീട്ടി
Saturday, July 2, 2016 7:56 AM IST
ദമാം: മൊബൈൽ ഫോൺ കണക്ഷൻ റദ്ദു ചെയ്യാതിരിക്കാൻ വിരലടയാളം നൽകുന്നതിനുവേണ്ടി നൽകിയ സമയ പരിധി ജൂലൈ 20 നു അവാസാനിക്കുമെന്നു സൗദി ടെലികോം അതോറിറ്റി അറിയിച്ചു.

ഈ സമയപരിധിക്കകം വിരലടയാളം നൽകാത്ത മുഴുവൻ ആളുകളും അടുത്തുള്ള സർവീസ് സെന്ററുകളിൽ ചെന്നു വിവരങ്ങൾ നൽകിയിരിക്കണമെന്നു ടെലികോം അതോറിറ്റി അറിയിച്ചു. വിരലടയാളം നൽകാത്തവരുടെ കണക്ഷനുകൾ റദ്ദു ചെയ്യുമെന്നും അതോറിറ്റി മുന്നറിയിപ്പിൽ പറയുന്നു.

പോസ്റ്റ് പെയ്ഡ് കണക്ഷൻ ഉള്ളവരും പ്രീ പെയ്ഡ് കണക്ഷൻ ഉള്ളവരും ഈ സമയ പരിധിക്കകം വിരലയടയാളം നൽകിയിരിക്കണമെന്നാണ് ടെലികോം അതോറിറ്റി അറിയിച്ചത്.

കഴിഞ്ഞ ജനുവരി 21 നാണ് മൊബൈൽ ഫോൺ കണക്ഷൻ ലഭിക്കുന്നതിനു വിരലടയാളം നിർബന്ധമാക്കിയത്. നിലവിൽ മൊബൈൽ ഫോൺ കണക്ഷൻ എടുത്തവരും തങ്ങളുടെ കണക്ഷൻ റദ്ദു ചെയ്യാതിരിക്കാൻ വിരലടയാളം നൽകിയിരിക്കണമെന്നു ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു.

ഏപ്രിൽ 17 വരെയായിരുന്നു ഇതിനു സമയ പരിധി നൽകിയിരുന്നെങ്കിലും പിന്നീട് നീട്ടി നൽകുകയായിരുന്നു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം