വിമാനം യാത്രക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനു സൗദിയിൽ പുതിയ നിയമം
Saturday, July 2, 2016 7:55 AM IST
ദമാം: വിമാനം യാത്രക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനു സൗദിയിൽ പുതിയ നിയമം കൊണ്ടുവരുന്നതായി സിവിൽ ഏവിയേഷൻ സുരക്ഷാവിഭാഗം മേധാവി ക്യാപ്റ്റൻ അബ്ദുൾ ഹകീം അൽ ബദർ അറിയിച്ചു. പുതിയ നിയമം ഓഗസ്റ്റു മുതൽ പ്രാബല്യത്തിൽ വരും.

ഇതനുസരിച്ച് വിമാനത്താവളത്തിൽ യാത്രക്കാർക്കും പ്രത്യേകിച്ചു വികലാംഗർക്കും നൽകുന്ന സേവനത്തിൽ വീഴ്ചവരുത്തിയാൽ വിമാന കമ്പനികളുടെമേൽ 25,000 റിയാൽവരെ പിഴ ഇടാക്കുന്നതാണ് പുതിയ നിയമം.

ലഗേജ് നഷ്‌ടപ്പെടുന്ന ആഭ്യന്തര യാത്രക്കാർക്കു ലഗേജ് ഒന്നിനു ചുരുങ്ങിയത് 1100 റിയാലും പരമാവധി 1700 റിയാൽ വരെയും നഷ്‌ടപരിഹാരം നൽകണം.

കൂടാതെ ലഗേജ് തിരിച്ചു കിട്ടുന്നതുവരെ ഓരോ ദിവസത്തിനും അധികം ചുരുങ്ങിയത് നൂറു റിയാലും പരമാവധി 500 റിയാലും നൽകണം.

അന്താരാഷ്രയാത്രക്കാരുടെ ലഗേജ് നഷ്‌ടമായാൽ ചുരുങ്ങിയത് 1100 റിയാലും പരമാവധി 2800 റിയാൽവരെയുമാണ് നഷ്‌ടപരിഹാരം. ഓരോ ദിവസത്തിനും അധികം ചുരുങ്ങിയത് 200 റിയാലും പരാമാവധി 1000 റിയാലും നൽകിയിരിക്കണം. കൂടാതെ 30 ദിവസത്തിനകം നഷ്‌ടമായ ലഗേജ് തിരിച്ചു നൽകിയിരിക്കുകയും വേണം. എന്നാൽ വിവിധ സുരക്ഷാ കാരണങ്ങൾക്കുവേണ്ടി വിമാനം വൈകിയാൽ നഷ്‌ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടാവില്ല.

വിമാനം റദ്ദു ചെയ്താലും വൈകിയാലും യാത്രക്കാർക്കു പ്രത്യേക സേവനം നൽകിയിരിക്കണം. നേരത്തെ ബുക്കു ചെയ്തവർക്കു വിമാനം റദ്ദു ചെയ്താൽ 21 ദിവസം മുമ്പ് യാത്രക്കാരെ അറിയിച്ചിരിക്കണം. വിമാന കമ്പനി ജീവനക്കാരുടേയോ വിമാനത്താവള ജീവനക്കാരുടേയോ ഭാഗത്തുനിന്നും നൽകുന്ന സേവനങ്ങൾക്കു വീഴ്ചയുണ്ടായാൽ പരാതിപ്പെടാവുന്നതാണന്നു അദ്ദേഹം പറഞ്ഞു. അന്താരാഷ്ര നിയമങ്ങൾക്കനുസൃതമായാണ് രാജ്യത്തെ സിവിൽ ഏവിയേഷൻ പുതിയ നിയമം പുറപ്പെടുവിച്ചിട്ടുള്ളതന്നു അൽബദ്ര കൂട്ടിച്ചേർത്തു.

വിമാനത്താവളത്തിൽ മൂന്നു മണിക്കൂർ വൈകിയാൽ തന്നെ ചുരുങ്ങിയത് 20 റിയാൽ വരുന്ന ഭക്ഷണം നൽകിയിരിക്കണം. മൂന്നു മണിക്കൂറിൽ കൂടിയാൽ 50 റിയാൽ ഭക്ഷണം നൽകണം. വിമാനം ആറു മണിക്കൂർ വൈകിയാൽ 300 റിയാൽ ചെലവിലുള്ള സൗകര്യത്തിനു ഹോട്ടലിൽ താമസം ഏർപ്പെടുത്തണം.

വിമാനത്താവളത്തിൽ വെച്ച വിമാനം 45 മിനിറ്റു മുമ്പ്് യാത്രക്കാരനെ അറിയിച്ചിരിക്കണം. കൂടാതെ മറ്റു സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതോടപ്പം പുതിയ സമയം അറിയിക്കുകയും വേണം. പുതിയ സമയം അറിയിക്കാത്ത ഘട്ടത്തിൽ ഓരോ മണിക്കുറിനും വെച്ച് 300 റിയാൽ വീതം നഷ്‌ടപരിഹാരം നൽകണം. യാത്രമുടങ്ങിയാലും വികലാംഘർക്കു നൽകുന്ന സേവനങ്ങളിൽ വീഴ്ച വരുത്തിയാലും ടിക്കറ്റ് നിരക്കിന്റെ 200 ശതമാനം വരെ നഷ്‌ടപരിഹാരം നൽകേണ്ടിവരുമെന്നു നിയമത്തിൽ പറയുന്നു. വിമാനം മുടങ്ങുന്ന വേളയിൽ പകരം യത്രാ സംവിധാനത്തോടപ്പം ടിക്കറ്റിന്റെ 50 ശതമാനം തുക നഷ്‌ടപരിഹാരംമായി ലഭിക്കാൻ യാത്രക്കാരനു അവകാശമുണ്ടായിരിക്കുമെന്നും നിയമത്തിൽ പറയുന്നു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം