പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപിനു സാധ്യതയേറുന്നു
Saturday, July 2, 2016 7:55 AM IST
വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ചരിത്രം ആവർത്തിച്ച് റിപ്പബ്ലിക്കൻ പാർട്ടി സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റാകുമെന്നു ഏതാണ്ട് ഉറപ്പായി. രണ്ടു ടേം തുടർച്ചയായി ഭരിക്കുന്ന പാർട്ടിക്ക് മൂന്നാം തവണയും ഭരണത്തുടർച്ച ലഭിച്ച ചരിത്രം അമേരിക്കൻ രാഷ്ര്‌ടീയത്തിന് അപരിചിതമാണ്. എൻബിസി ന്യൂസും ക്യുനിൻപേക്ക് യൂണിവേഴ്സിറ്റിയും വെവേറെ നടത്തിയ തെരഞ്ഞെടുപ്പു സർവേ ഫലങ്ങളും ഈ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ്.

അമേരിക്കയിലെ വോട്ടർമാരിൽ അറുപത്തിമൂന്നു ശതമാനം വെളുത്തവർഗക്കാരാണ്. ഇവരിൽ ഭൂരിപക്ഷത്തിന്റെയും വോട്ടുകൾ ട്രംപിനു ലഭിക്കാം. നിഷ്പക്ഷമതികളായ 42 ശതമാനം വോട്ടർമാരിൽ ഭൂരിപക്ഷം പേരുടെയും വോട്ടുകൾ ട്രംപിനാണ് ലഭിക്കുകയെന്നും സർവേ ഫലങ്ങൾ നൽകുന്ന സൂചന. വെള്ളക്കാർ, നിഷ്പക്ഷമതികൾ, പുരുഷന്മാർ ഈ മൂന്നു വിഭാഗങ്ങളിലെയും ഭൂരിപക്ഷ പിന്തുണ ട്രംപിനു ലഭിക്കുമെന്നതിനാൽ കഴിഞ്ഞ കാലങ്ങളിൽ ഡമോക്രാറ്റിക് പാർട്ടിയുടെ ഉരുക്കുകോട്ടകളായി അറിയപ്പെടുന്ന സംസ്‌ഥാനങ്ങളിൽ (വിസ്കോൺസിൽ, മിഷിഗൺ, ഒഹായോ, പെൻസിൽവാനിയ) ട്രംപിനു അട്ടിമറി വിജയം ലഭിക്കുമെന്നാണ് സർവേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ ട്രംപും ഹില്ലരിയും ഒപ്പത്തിനൊപ്പമാണ് എന്നു തോന്നുമെങ്കിലും തെരഞ്ഞെടുപ്പു അടുക്കുംതോറും ട്രംപിന്റെ ജനസമ്മതി വർധിക്കുമെന്നു സർവേകളിൽ പങ്കെടുത്തവർ അഭിപ്രായപ്പെടുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ ഗവർണർമാർ, തഴക്കവും പഴക്കവുമുള്ള രാഷ്ര്‌ടീയനേതാക്കൾ തുടങ്ങി നിരവധിപേർ പാർട്ടി സ്‌ഥാനാർഥിത്വത്തിനുവേണ്ടി രംഗത്തെത്തിയപ്പോൾ ട്രംപിനു നറുക്ക് വീഴുമെന്ന് പ്രതീക്ഷിച്ചവർ ചുരുക്കമായിരുന്നു. രാഷ്ര്‌ടീയ പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത വ്യവസായ പ്രമുഖനായ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് സ്‌ഥാനാർഥിത്വം ഉറപ്പാക്കിയത്. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ വിട്ടുപോകുകയില്ല എന്നു സ്വപ്നം കണ്ടവരേയും പ്രവചിച്ചവരേയും അദ്ഭുതപ്പെടുത്തി വോട്ടർമാർ തീരുമാനമെടുത്തതിനു സമാനമായി ഒരു അദ്ഭുതമായിരിക്കും ട്രംപ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമ്പോൾ സംഭവിക്കുക.

കുടിയേറ്റ നിയമത്തിൽ കർശന നിയന്ത്രണം വേണമെന്നാഗ്രഹിക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ട്രംപിനു ലഭിക്കുമെന്നുറപ്പാണ്. തൊഴിലില്ലായ്മ രൂക്ഷമായ അമേരിക്കയിലെ തൊഴിൽ രഹിതർക്കു തൊഴിൽ ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നതിന്റെ പ്രത്യക്ഷ തെളിവാണ് അമേരിക്കയിൽ നിന്നും വിദേശങ്ങളിലേയ്ക്ക് പറിച്ചുനട്ട തൊഴിൽ മേഖലയെ തിരികെ കൊണ്ടുവരുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം.

ലോകരാഷ്ര്‌ടങ്ങൾക്കു നേരെ, പ്രത്യേകിച്ച് അമേരിക്കയ്ക്കുനേരെ ശക്‌തമായ ഭീകരഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഇതിനെ ഫലപ്രദമായി നേരിട്ടു പരാചയപ്പെടുത്തുന്നതിനു ട്രംപിന്റെ നേതൃത്വം അനിവാര്യമാണെന്ന തിരിച്ചറിവ് ട്രംപിനനുകൂലമായ അടിയൊഴുക്കുകൾ ശക്‌തിപ്പെടുത്താൻ ഇടയായിട്ടുണ്ട്.

പൊതുരിരഞ്ഞെടുപ്പു അടുക്കും തോറും ട്രംപിന്റെ സമീപനത്തിൽ കാതലായ മാറ്റം സംഭവിക്കാം. റിപ്പബ്ലിക്കൻ പാർട്ടി ഒറ്റക്കെട്ടായി ഹില്ലരിയെ പരാജയപ്പെടുത്താൻ ട്രംപിനു പുറകിൽ അണിനിരക്കും. ഇതു തന്നെയാണ് ട്രംപിന്റെ വിജയം സുനിശ്ചിതമാക്കുന്നതും.

ഇതുവരെ ഹില്ലരി ക്യാമ്പിൽ ഉണ്ടായിരുന്ന അമിതവിശ്വാസത്തിനു മങ്ങൽ ഏറ്റുതുടങ്ങിയിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറിസ്‌ഥാനം ഒഴിവായെങ്കിലും ഒഴിയാതെ പിന്തുടരുന്ന ഇമെയിൽ വിവാദം ഹില്ലരിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു. എട്ടുവർഷം വൈറ്റ് ഹാസിൽ പ്രഥമവനിതയായി കഴിഞ്ഞ ഹില്ലരിക്കു വീണ്ടും വൈറ്റ് ഹൗസിൽ പ്രസിഡന്റായി കഴിയണമെന്ന അതിമോഹത്തെ എതിർക്കുന്നവരുടെ വോട്ടുകൾ കൂടി ട്രംപിനു ലഭിക്കുമ്പോൾ അടുത്ത അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്നെയാകും എന്നതിൽ രണ്ടുപക്ഷമില്ല.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ