അനധികൃത കുടിയേറ്റക്കാരിയായ മെലിസ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപിക
Friday, July 1, 2016 6:43 AM IST
ഡാളസ്: അടുത്ത അധ്യയന വര്‍ഷത്തില്‍ ഡാളസ് ഇന്‍ഡിപെന്റന്‍ഡ് സ്കൂള്‍ ഡിസ്ട്രിക്ടിലെ (ഐസ്ഡി) അധ്യാപകരില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപികയായിരിക്കും അമേരിക്കയിലേക്ക് യാത്രാരേഖകളില്ലാതെ കുടിയേറിയ പത്തൊന്‍പതുകാരിയായ മെലിസ സൈമണ്‍.

ടെക്സസ് ടെക് യൂണിവേഴ്സിറ്റിയില്‍നിന്നു ബിരുദവും ടീച്ചിംഗ് സര്‍ട്ടിഫിക്കറ്റും ലഭിക്കുന്ന മെലിസക്ക് പ്ളസന്റ് ഗ്രോവ് എലിമെന്ററി സ്കൂള്‍ അധ്യാപികയായി ഇതിനകംതന്നെ നിയമനം നല്‍കിയതായി പ്രിന്‍സിപ്പല്‍ ജെനിഫര്‍ ടെക്ലന്‍ ബര്‍ഗ് പറഞ്ഞു.

പഠനത്തില്‍ മറ്റു കുട്ടികള്‍ക്കു പ്രചോദനം നല്‍കുന്നതിനു മെലിസയ്ക്ക് കഴിയുമെന്നു പ്രിന്‍സിപ്പല്‍ പ്രത്യാശ പ്രകടിപ്പിച്ചു. സ്പാനിഷും ഇംഗ്ളീഷും ഭംഗിയായി കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന സമര്‍ഥയായ അധ്യാപികയായിരിക്കും മെലിസ എന്നു ജെനിഫര്‍ കൂട്ടി ചേര്‍ത്തു.

ഒബാമയുടെ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഉഅഇഅ) പ്രോഗ്രാമില്‍ 16 വയസിനു താഴെ അമേരിക്കയിലെത്തി താമസമാക്കുകയും ഇപ്പോള്‍ 31 വയസിനു മുകളില്‍ പ്രായമാകുകയും ചെയ്യാത്തവര്‍ക്കുള്ള ആനുകൂല്യമാണ് മെലിസയ്ക്കു തുണയായത്. അധ്യാപകജോലി ലഭിച്ചതില്‍ ഒബാമയോടും പ്രിന്‍സിപ്പലിനോടും പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്നു മെലിസ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍