മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: സൂചന നല്‍കുന്നവര്‍ക്കു പാരിതോഷികം പ്രഖ്യാപിച്ചു
Friday, July 1, 2016 6:41 AM IST
ഗാര്‍ലന്‍ഡ് (ഡാളസ്): ഡാളസിലെ പ്രാദേശിക പത്രമായ സ്റാര്‍ ടെലിഗ്രാമില്‍ ദീര്‍ഘകാലമായി റിപ്പോര്‍ട്ടറും ഫോട്ടോ ഗ്രാഫറുമായി പ്രവര്‍ത്തിക്കുന്ന ജയ് ഹെര്‍ണാണ്ടസ് റ്റോറീസിന്റ കൊലപാതകത്തെക്കുറിച്ചു സൂചന നല്‍കുന്നവര്‍ക്ക് ഗാര്‍ലന്‍ഡ് ക്രൈം സ്റോപ്പേഴ്സ് 5,000 ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിച്ചു.

ജൂണ്‍ 13നു ഗാര്‍ലന്‍ഡിലെ വീടിന്റെ ബാക്ക് യാര്‍ഡില്‍ വച്ചാണ് ജയ് റ്റോറിസ് വെടിയേറ്റു മരിച്ചത്. അന്‍പത്തേഴുകാരനായ ജയ് റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, റിയല്‍ എസ്റേറ്റ് ബിസിനസുകാരന്‍ എന്നീ നിലകളില്‍ ഡാളസില്‍ സുപരിചിതനായിരുന്നു.

മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടവരോ, റിയല്‍ എസ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടവരാകാം കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നാണു പോലീസ് നിഗമനം.

മൃതദേഹം ജൂണ്‍ 13നാണു കണ്െടത്തിയതെങ്കിലും ജൂണ്‍ 10 മുതല്‍ പിതാവില്‍ നിന്നും ഒരു വിവരവും ലഭിച്ചിരുന്നില്ലെന്നു മകള്‍ അലിന്‍ പറഞ്ഞു. കവര്‍ച്ചാശ്രമമായിരുന്നില്ല കൊലപാതക കാരണമെന്നു പോലീസ് പറയുന്നു. നാളിതുവരെ പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അവാര്‍ഡു പ്രഖ്യാപിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍