വെസ്റേണ്‍ കാനഡ മലങ്കര കാത്തലിക് കണ്‍വന്‍ഷന്‍ നടത്തി
Friday, July 1, 2016 6:36 AM IST
എഡ്മണ്ടന്‍: കാല്‍ഗറി, എഡ്മണ്ടന്‍ മലങ്കര കത്തോലിക്കാ വിശ്വാസികളുടെ കുടുംബസംഗമം ജൂണ്‍ 25, 26 തീയതികളില്‍ എഡ്മണ്ടന്‍ സെന്റ് തെരേസാസ് പള്ളിയില്‍ സംഘടിപ്പിച്ചു.

കുടുംബ നവീകരണത്തിനും സൌഹാര്‍ദ്ദത്തിനുമായി നടന്ന വിശ്വാസ സംഗമം മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ റവ. ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളുടെ ആന്തരിക അന്തരീക്ഷം പരിപോഷിപ്പിക്കുവാനും ഇന്നത്തെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്തി സഭാ പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് മാതൃകാപരമായി ജീവിക്കാന്‍ സഭയുടെ പ്രബോധനങ്ങളെ വളരെ ലളിതമായും എന്നാല്‍ പ്രസക്തി ഒട്ടും നഷ്ടപ്പെടാതെയും ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ വിശ്വാസചൈതന്യത്തില്‍ വളരുവാനും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

രണ്ടാം ദിവസം ജോഷ്വ മാര്‍ ഇഗ്നാത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ചു. ഫാ. റെജി മാത്യു ഒഎഫ്എം കുടുംബ സമൂഹ ഐക്യത്തെക്കുറിച്ചും അതിന്റെ സമകാലിക പ്രസക്തിയും അപഗ്രഥിച്ച് പ്രഭാഷണം നടത്തി. കുടുംബ സമൂഹ ബന്ധങ്ങളെ ശിഥിലമാക്കുന്ന ആധുനിക പ്രവണതകളെക്കുറിച്ചും വിശ്വാസപരമായി അവയെ നേരിടേണ്ടതെങ്ങനെ എന്നും പഠിപ്പിച്ചു. തുടര്‍ന്നു കലാസന്ധ്യ അരങ്ങേറി. കത്തോലിക്കാ സഭയിലേയും ഇതര ക്രൈസ്തവ സമൂഹത്തിലേയും വൈദികര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഫാ. തോമസ് പുതുപ്പറമ്പില്‍, ഫാ. ജോണ്‍ കുര്യാക്കോസ്, ഫാ. റെജി മാത്യു, വിവിധ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംഗമത്തിനു നേതൃത്വം നല്‍കി.