ബോസ്റ്റണിൽ വിശുദ്ധ തോമാൾീഹായുടെ തിരുനാൾ ജൂൺ 24, 25, 26 തീയതികളിൽ ആഘോഷിച്ചു
Friday, July 1, 2016 4:57 AM IST
ബോസ്റ്റൺ: മസാച്യുസെറ്റ്സിലെ ഫ്രാമിംഗ്ഹിമിലുള്ള സീറോ മലബാർ പള്ളി ഇടവക മദ്ധ്യസ്‌ഥനായ വിശുദ്ധ തോമാൾീഹായുടെ തിരുനാൾ ജൂൺ 24, 25, 26 തീയതികളിൽ ആഘോഷപൂർവ്വം കൊണ്ടാടി.

ജൂൺ 24– നു വൈകുന്നേരം വികാരി ഫാ. റാഫേൽ അമ്പാടൻ, ലദീഞ്ഞ്, പ്രാർഥന എന്നിവയോടെ പെരുന്നാളിന്റെ പതാക വഹിച്ചുകൊണ്ട് പ്രസുദേന്തിമാരായ അജു ഡാനിയേൽ, ബോബി ജോസഫ്, സിജോ ഞാളിയത്ത്, ജിയോ പാലിയക്കര, ജോബോയ് ജേക്കബ്, ലൂയീസ് മേച്ചേരി, പോളി കോനിക്കര, റോഷൻ ജോർജ്, സെബാസ്റ്റ്യൻ ആൻഡ്രൂസ്, ടൈറ്റസ് ജോൺ എന്നിവർ പ്രദക്ഷിണത്തിനു മുന്നിൽ നടന്നു. തുടർന്ന് ഫാ. റാഫേൽ തിരുനാൾപാതക ഉയർത്തിക്കൊണ്ട് തിരുനാളിനു തുടക്കംകുറിച്ചു.

പ്രധാന തിരുനാൾ ദിനമായ ജൂൺ 25–നു വൈകുന്നേരം നാലിനു താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ പ്രസുദേന്തിമാരും അവരുടെ കുടുംബാംഗങ്ങളും കാഴ്ചവസ്തുക്കളുമായി പള്ളിയിലേക്കുള്ള പ്രദക്ഷിണത്തിനു മുന്നിൽ നടന്നു. ആഘോഷമായ ദിവ്യബലിയിൽ വികാരി ഫാ. റാഫേൽ മുഖ്യകാർമികനും, ഫാ. സിറിയക് മറ്റത്തിലാനിക്കൽ, ഫാ. മാർട്ടിൻ വരിക്കാനിക്കൽ എന്നിവർ സഹകാർമികരും ആയിരുന്നു. ഫാ. സിറിയക് തിരുനാൾ സന്ദേശം നൽകി.

ദിവ്യബലിക്കുശേഷം വിശുദ്ധ രൂപങ്ങളും പൊൻകുരിശും, കുടകളും വഹിച്ച് ജോബോയ് ജേക്കബിന്റെ നേതൃത്വത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണവും ഉണ്ടായിരുന്നു. തുടർന്ന് സ്നേഹവിരുന്നും, കുട്ടികളുടേയും ഇടവക വിശ്വാസികളുടേയും കലാപരിപാടികളും, ലൂയീസ് മേച്ചേരി എഴുതി സംവിധാനം ചെയ്ത ‘തോമാൾീഹാ’ എന്ന നാടകവും, ന്യൂയോർക്ക് ലോംഗ്ഐലന്റ് ‘താളലയം’ അവതരിപ്പിച്ച ‘മാന്ത്രികച്ചെപ്പ്’ എന്ന സാമൂഹ്യനടകവും ഉണ്ടായിരുന്നു.

പെരുന്നാളിന്റെ വിജയത്തിനു നേതൃത്വം നൽകിയ വികാരി ഫാ. റാഫേൽ അമ്പാടനും, ട്രസ്റ്റിമാരായ പോൾ വറപടവിൽ, ഡോൺ ഫ്രാൻസീസ്, ജോസ് കൈതമറ്റം, സാമ്പത്തികമായി സഹായിച്ച സ്പോൺസർമാക്കും, വർണശബളമായ പൂക്കൾകൊണ്ട് അൾത്താരയും, പള്ളിയും അലങ്കരിച്ച വെനിറിനി കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സിനും, സെന്റ് മാർത്താസിലെ സിസ്റ്റർമാർക്കും, അഡോറേഷൻ കോൺവെന്റിലെ സിസ്റ്റർമാരേയും സ്മരിക്കുകയും, അവർക്കുവേണ്ടി പെരുന്നാൾ കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ ആൻഡ്രൂസ് പ്രത്യേകം നന്ദി പറയുകയും ചെയ്തു. ലൂയീസ് മേച്ചേരി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം