സഭയുടെ ഉത്ഭവവും സീറോ മലബാർ സഭയുടെ അസ്‌ഥിത്വവും
Friday, July 1, 2016 4:54 AM IST
ഷിക്കാഗോ: ജൂലൈ മൂന്നാംതീയതി ഭരതത്തിന്റെ അപ്പസ്തോലനായ മാർത്തോമാൾീഹായുടെ ഓർമദിനമാണ്. ഉത്ഥിതനായ മിശിഹായുടെ തുറക്കപ്പെട്ട പാർശ്വം കാണാൻ ഭാഗ്യംലഭിച്ച തോമാൾീഹായുടെ ദൈവാനുഭവത്തിന്റെ അർത്ഥതലങ്ങളെ മനസിലാക്കിക്കൊണ്ട് സഭയുടെ ഉത്ഭവത്തെക്കുറിച്ചും സീറോ മലബാർ സഭയുടെ അസ്‌ഥിത്വത്തെക്കുറിച്ചും വിചിന്തനം ചെയ്യുക ഈ അവസരത്തിൽ അനുചിതമാണ്.

എന്താണ് സഭ? സഭ ഒരു ഓർഗനൈസേഷനോ, അസോസിയേഷനോ അല്ല; മറിച്ച് ഒരു വ്യക്‌തിയാണ്. ഈശോ മിശിഹാ എന്ന വ്യക്‌തി. പിതാവായ ദൈവത്തിലേക്കുള്ള യഥാർഥവഴിയായ ഈശോയുടെ തുടർച്ചയാണ് സഭ. സഭയുടെ ആരംഭവും അസ്തിത്വവും അവളുടെ നാഥനായ മിശിഹായുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. സഭയുടെ കൂദാശകളുടേയും പ്രത്യേകിച്ച് മാമ്മോദീസായുടേയും വിശുദ്ധ കുർബാനയുടേയും ഉറവിടം ഈശോയുടെ തുറക്കപ്പെട്ട പാർശ്വമാണ് (യോഹ. 19;34). ആദ്യത്തെ ആദത്തിന്റെ വാരിയെല്ലിൽ നിന്ന് ആദ്യമാതാവ് രൂപപ്പെട്ടതുപോലെ, രണ്ടാമത്തെ ആദമായ മിശിഹായുടെ തിരുവിലാവിൽനിന്ന് –വാരിയെല്ലുകൾക്കിടയിൽനിന്ന്– സഭാ മാതാവ് അസ്തിത്വം സ്വീകരിച്ചു. തിരുവിലാവിൽനിന്നൊഴുകിയ വിശുദ്ധജലം മാമ്മോദീസായേയും, തിരുരക്‌തം വിശുദ്ധ കുർബാനയേയും സൂചിപ്പിക്കുന്നു.

ഈശോ മിശിഹാ പിതാവായ ദൈവത്തിലേക്കുള്ള വഴിയായി തിരിച്ചറിഞ്ഞ മാർത്തോമാൾീഹായ്ക്ക് (യോഹ 14: 5–7) ഗുരുവിന്റെ പാർശ്വത്തിൽനിന്ന് ആരംഭിച്ച സഭയാകുന്ന വഴിയെ അടുത്തറിയാനുള്ള ഭാഗ്യം ലഭിച്ചു. ഉത്ഥിതന്റെ തുറക്കപ്പെട്ട പാർശ്വം തൊട്ടുവിശ്വസിച്ചപ്പോൾ തോമസ് സ്പർശിച്ചത് സഭയെയാണ്, അവൾക്ക് ജീവൻ നൽകുന്ന കൂദാശകളെയാണ്. ൾീഹ സ്വന്തമാക്കിയത് സഭയോടുള്ള ആഴമായ സ്നേഹവും വിശ്വാസവുമാണ്. ഗുരുവിന്റെ പാർശ്വത്തിൽ നിന്നും അനുഭവിച്ചറിഞ്ഞ ദൈവസ്നേഹത്തിന്റെ ചൂട് നെഞ്ചിലേറ്റി എ.ഡി 52–ൽ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ തോമാൾീഹാ സഭയാകുന്ന വഴിയുടെ കവാടം നമുക്കായി തുറന്നുതന്നു.

ക്രിസ്തുശിഷ്യനായ മാർത്തോമാൾീഹായാൽ സ്‌ഥാപിതമായ സീറോ മലബാർ സഭ രണ്ടായിരത്തോളം വർഷത്തെ പാരമ്പര്യവും ചരിത്രവും അഭിമാനപൂർവ്വം കാത്തുസൂക്ഷിച്ചുകൊണ്ട് 2052–ൽ സഭാസ്‌ഥാപനത്തിന്റെ രണ്ടായിരാം ആണ്ടിലേക്കു പ്രവേശിക്കും. ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൗരസ്ത്യസഭയായി വളർന്നിരിക്കുന്ന സീറോ മലബാർ സഭയ്ക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി മുപ്പത്തിയൊന്ന് രൂപതകളിലായി നാൽപ്പതു ലക്ഷത്തിൽപ്പരം വിശ്വാസികളും രൂപതയുടെ പരിധിക്കു പുറത്തായി ഏകദേശം അഞ്ചുലക്ഷത്തോളം വിശ്വാസികളുമുണ്ട്.

ഉത്ഥിതനായ മിശിഹായെ നേരിട്ട് കണ്ട്, അവിടുത്തെ തിരുവിലാവിൽ തൊട്ട് വിശ്വസിച്ച്, കർത്താവും ദൈവവുമായി ഏറ്റുപറഞ്ഞ് അംഗീകരിച്ച അചഞ്ചലമായ വിശ്വാസാനുഭവമാണ് തോമാൾീഹാ നമ്മുടെ പൂർവ്വികർക്ക് പകർന്ന് നൽകിയത്. ഈ വിശ്വാസ അനുഭവത്തിനുമേലാണ് സീറോ മലബാർ സഭ പണിതുയർത്തപ്പെട്ടിരിക്കുന്നത്. തോമാൾീഹായുടെ ദൈവാനുഭവത്തിന്റെ ആവിഷ്കാരമായ ‘എന്റെ കർത്താവേ എന്റെ ദൈവമേ’ എന്ന വിശ്വാസപ്രഘോഷണത്തെ കേന്ദ്രമാക്കിയതാണ് സീറോ മലബാർ സഭയുടെ അസ്തിത്വത്തിനു കാരണമായ കുർബാനക്രമം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിപുരാതനവും ക്രിസ്ത്യൻ ആധ്യാത്മികതയുടെ ബലിഷ്ഠവുമായ അടിത്തറയിന്മേൽ പണിതുയർത്തിയിട്ടുള്ള ഈ കുർബാനക്രമം ഉപയോഗിക്കുന്നതിലൂടെ സീറോ മലബാർ സഭ ക്രൈസ്തവ മതത്തിന്റെ തായ്വേരിനോട് ഏറ്റവും ചേർന്നു നിൽക്കുന്നുവെന്നു മാത്രമല്ല, ഈശോയും അപ്പസ്തോലന്മാരും ജീവിച്ച യഹൂദ ക്രിസ്ത്യൻ ആധ്യാത്മികതയിൽ പങ്കുകാരാകുകയും ചെയ്യുന്നു.

‘സീറോ’, ‘മലബാർ’ എന്നീ പദങ്ങൾ ഈ സഭയുടെ അസ്തിത്വത്തിന്റെ നിദർശനങ്ങളാണ്. ‘സീറോ’ എന്ന പദം ക്രൈസ്തവ സഭയുടെ ഊരും പേരും കുടികൊള്ളുന്ന സെമിറ്റിക് സംസ്കാരത്തിലേക്കും അവിടെ രൂപംകൊണ്ട പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലേക്കും സഭയെ ബന്ധിപ്പിക്കുന്നു. ‘മലബാർ’ ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശങ്ങളെയാണ് (കേരളം) സൂചിപ്പിക്കുന്നത്.

സീറോ– മലബാർ സഭയുടെ മഹത്തായ പാരമ്പര്യവും വിശ്വാസവും കൈമുതലായുള്ള സഭാ മക്കൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കുടിയേറിപ്പാർക്കാൻ സർവശക്‌തനായ ദൈവം അവസരമൊരുക്കിയിരിക്കുകയാണ്. വെറും ഭൗതീകമായ മാനങ്ങൾക്കപ്പുറം ഈ കുടിയേറ്റങ്ങൾക്കെല്ലാം ആത്മീയമായ ഇടപെടലുകളും ദൈവീകമായ ഉത്തരവാദിത്വങ്ങളും ഉണ്ടെന്നു നാം തിരിച്ചറിയണം. വിശുദ്ധ തോമാൾീഹായുടെ പ്രേക്ഷിത തീക്ഷണതയും വിശ്വാസാനുഭവവും കൈമുതലാക്കി, നാം ആയിരിക്കുന്ന ഇടങ്ങളിൽ മിശിഹായ്ക്ക് സാക്ഷ്യംവഹിക്കാനും, ക്രിസ്തുസഭയെ പടുത്തുയർത്തുവാനും ഇളംതലമുറയെ വിശ്വാസത്തിൽ ആഴപ്പെടുത്തുവാനും, ചുറ്റുമുള്ള ക്രിസ്തുശിഷ്യരെ വിശ്വാസദാർഢ്യത്തിലേക്കു കൊണ്ടുവരുവാനും, സീറോ മലബാർ സഭാതനയർക്ക് സാധിക്കേണ്ടിയിരിക്കുന്നു. മാതൃസഭയെ അടുത്തറിയാനും സ്നേഹിക്കാനും അവളുടെ പ്രവർത്തനങ്ങളിൽ കഴിവിനൊത്ത് പങ്കാളികളാകാനുമുള്ള കരുത്തും പ്രചോദനവും നല്കട്ടെ ഈ വർഷത്തെ ദുക്റാന തിരുനാൾ.

റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, ചാൻസലർ, ഷിക്കാഗോ സീറോ മലബാർ രൂപത.