ഫൊക്കാന ജനറല്‍ കണ്‍വന്‍ഷന്‍: കാനഡയില്‍ ഒഎന്‍വി നഗര്‍ ഒരുങ്ങി
Thursday, June 30, 2016 8:18 AM IST
ന്യൂയോര്‍ക്ക്: മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കന്‍ മലയാളികള്‍ക്കു ഉത്സവത്തിന്റെ ദിവസങ്ങള്‍ സമ്മാനിച്ച് കാനഡയിലെ ടൊറേന്റോയില്‍ ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷനു തിരി തെളിയുന്നു.

മാര്‍ക്കം ഹില്‍ട്ടണ്‍ സ്വീറ്റ്സില്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെയാണ് കലയുടെ കേളീരവം അമേരിക്കന്‍ മലയാളികള്‍ക്കു മുന്നില്‍ ഉയരുക. അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തില്‍ ആദ്യമായി ഫൊക്കാന കണ്‍വന്‍ഷനു അദ്ഭുപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ബാങ്ക്വറ്റ് ക്ളോസ് ചെയ്തു. മൂന്നു ഹോട്ടലുകളില്‍ റൂം ബൂക്ക് ചെയ്യേണ്ടിവന്നു. അവസാനനിമിഷം പല രജിസ്ട്രേഷനും റദ്ദാക്കേണ്ടിവന്നതായി ഭാരവാഹികള്‍ അറിയിച്ചു. എല്ലാ ഭാഗത്തുനിന്നും വന്‍ ജനപിന്തുണയാണ് ലഭിക്കുന്നതെന്നു പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ, ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍പേഴ്സണ്‍ ടോമി കോക്കാട്ട് തുടങ്ങിയവര്‍ അറിയിച്ചു.

നയാഗ്ര വെള്ള ചാട്ടം മുതല്‍ കണ്ണിനു ആനന്ദം സമ്മാനിക്കുന്ന രമണീയമായ നിരവധി കാഴ്ചകളാല്‍ സമൃദ്ധമാണ് കാനഡയുടെ ഹൃദയഭാഗമായ ടൊറന്റോ നഗരത്തില്‍ സ്ഥിതിചെയ്യുന്ന മാര്‍ക്കം ഹില്‍ട്ടണ്‍ സ്വീറ്റ്സ്. ഇതോടൊപ്പം അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫൊക്കാനാ എന്ന മഹാസംഘടനയുടെ സംഗമവും ഒന്നിച്ചാകുമ്പോള്‍ ആര്‍ക്കും അതില്‍നിന്നും ഒഴിഞ്ഞുമാറാനാവില്ല. പൂര്‍വകാല സുഹൃത്ത് സംഗമം, യുവമിഥുനങ്ങളുടെ കൂടിക്കാഴ്ചകള്‍, കലാകാരന്‍മാരുടേയും കലാകാരികളുടേയും തകര്‍പ്പന്‍ മത്സരങ്ങള്‍, മലയാളി മങ്ക, മിസ് ഫൊക്കാന മത്സരങ്ങള്‍, സ്റാര്‍ സിംഗര്‍ മത്സരം, സ്പെല്ലിംഗ് ബി, ഫിംക ചലച്ചിത്ര അവാര്‍ഡ്, ചിരിയരങ്ങ്, കലാസാമൂഹിക സാംസ്കാരിക വേദികള്‍, നേതൃത്വ മീറ്റിംഗുകള്‍, പ്രഫഷണല്‍ മീറ്റിംഗുകള്‍, നാടകം, ഗാനമേള, മണ്‍മറഞ്ഞ ഗായകര്‍ക്കും സംഗീതസംവിധായകര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്ന സംഗീത പരിപാടി തുടങ്ങി ഒട്ടനവധി നൂതന ആശയങ്ങളോടുകൂടി തയാറാക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ എന്തുകൊണ്ടും മികവുറ്റതായിരിക്കുമെന്നു സംഘാടകര്‍ അവകാശപ്പെട്ടു.

മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന് സമര്‍പ്പിക്കുന്ന കണ്‍വന്‍ഷന്‍ നഗര്‍ തന്നെ മലയാണ്മയുടെ പ്രതീകമായിരിക്കും. കേരളത്തിന്റെ തനതുരൂപഭംഗിയും കാലാവസ്ഥയും വൃക്ഷലതാദികളും സാംസ്കാരിക നായകന്‍മാരും സാമുദായിക രാഷ്ട്രീയ നേതാക്കളും കലാപ്രതിഭകളും എല്ലാം ഒത്തുചേരുന്ന ഒഎന്‍വി നഗര്‍ വര്‍ണനാതീതമാണ്.

നിലവിളക്കില്‍നിന്നും തിരികള്‍ തെളിയുന്നതിനോടുകൂടി കണ്‍വന്‍ഷന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും. തുടര്‍ന്നു മുഖ്യാതിഥികളുടെ സ്വീകരണം, ഘോഷയാത്ര എന്നിവ നടക്കും. കാനഡയിലേയും ഇന്ത്യയിലേയും പ്രശസ്ത സാംസ്കാരിക, രാഷ്ട്രീയ രംഗത്തേയും പ്രമുഖര്‍ സംസാരിക്കും. തുടര്‍ന്നു പരിപാടികള്‍ക്കു തുടക്കം കുറിക്കും. ആതിഥേയരായ ടൊറന്റോയിലെയും സമീപ സ്ഥലങ്ങളിലെയും മലയാളി സംഘടനകള്‍ ഒന്നിനൊന്നു മെച്ചമായ രീതിയില്‍ അവരുടെ പരിപാടികള്‍ അവതരിപ്പിക്കും. ഫൊക്കാനയുടെ തുടക്കം മുതല്‍ ഇന്നോളം വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് തങ്ങളുടെ മികവു തെളിയിച്ചിട്ടുള്ളവരാണ് ആതിഥേയര്‍ എന്നുള്ളതിനാല്‍ ഏറ്റവും മികവും നിലവാരം പുലര്‍ത്തുന്ന പരിപാടികള്‍ ഇത്തവണയും പ്രതീക്ഷിക്കാം.

ഘോഷയാത്രക്ക് ശേഷം നൂറ്റിഒന്ന് വനിതകളുടെ സമൂഹ തിരുവാതിര അരങ്ങേറും. നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും നര്‍ത്തകരും അടങ്ങുന്ന സംഘം അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്റേയും നിത്യജീവിതത്തിന്റേയം കഥപറയുന്ന കലാശില്‍പങ്ങള്‍ ആണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. എട്ടു മുതല്‍ ഫൊക്കാനാ സ്റാര്‍ സിംഗര്‍ മത്സരത്തിന്റെ ഫൈനല്‍.

ജൂലൈ രണ്ടിനു (ശനി) രാവിലെ മുതല്‍ നടക്കുന്ന ടാലന്റ് യൂത്ത് ഫെസ്റിവല്‍ മത്സരം, ക്ളാസിക്കല്‍, നോണ്‍ ക്ളാസിക്കല്‍ നൃത്തങ്ങളും ഇംഗ്ളീഷിലും മലയാളത്തിലുമുള്ള പ്രസംഗ മത്സരങ്ങളും സംഗീതം ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളും നടക്കും. ബിസിനസ് സാമാജികര്‍ പങ്കെടുക്കുന്ന ലഞ്ച് സെമിനാര്‍, കേരളത്തിലേയും അമേരിക്കയിലേയും പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാര്‍, മതസൌഹാര്‍ദ്ദ സെമിനാറുകള്‍, ഉദയകുമാര്‍ മൊമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മലയാളി മങ്ക മത്സരം സാഹിത്യ പ്രേമികള്‍ക്ക് വളരെ വ്യത്യസ്തമായ സാഹിത്യ സമ്മേളനങ്ങള്‍, കവിയരങ്ങ് എന്നിവ നടക്കും. തുടര്‍ന്നാണ് താരപ്രഭയില്‍ ആറു മുതല്‍ ഫൊക്കാന അവാര്‍ഡ് നിശ 'ഫിംക 2016' അരങ്ങേറുക.

മൂന്നിനു (ഞായര്‍) രാവിലെ മുതല്‍ സ്പെല്ലിംഗ് ബീ മത്സരം, ഗ്ളിമ്പ്സ് ഓഫ് ഇന്ത്യ, ഷോര്‍ട്ട് ഫിലിം മത്സരം, ചീട്ടുകളി മത്സരം, ചെസ്, നഴ്സ് സെമിനാര്‍ തുടങ്ങി നിരവധി പരിപാടികളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരുമണിക്കുശേഷം ഫൊക്കാന നാഷണല്‍ കമ്മിറ്റിയും ഫൊക്കാന ഇലക്ഷനും നടക്കും. മലയാളത്തിലെയും ഹിന്ദി, തമിഴ് ഭാഷകളിലെയും മറക്കാന്‍ ആകാത്ത ഒര്‍മകളെ തൊട്ടുണര്‍ത്തുന്ന ഗാന സന്ധ്യ പ്രശസ്ത പിന്നണി ഗായകരായ ഗായത്രി അശോകനും ജയരാജ് നാരായണനും നയിക്കും.
അതിവിപുലമായ ബ്യൂട്ടി പേജന്റ് മത്സരം ആണ് ഈ വര്‍ഷം ഒരുക്കിയിട്ടുള്ളത്. ഇതിലൂടെ ചിട്ടയും അടുക്കുമുള്ള, ഉന്നതനിലവാരം പുലര്‍ത്തുന്ന അവതരണശൈലി കാണുവാനുള്ള അവസരം ഒരുങ്ങുന്നു. മിസ് ഫൊക്കാന തെരഞ്ഞെടുപ്പു തീര്‍ച്ചയായും തീപാറുന്ന ഒരു മത്സരമായിരിക്കും. ദൃശ്യ മാധ്യമങ്ങളില്‍ കടന്നുകൂടി തങ്ങളുടെ പ്രാഗത്ഭ്യം തെളിയിക്കുവാന്‍ ലഭിക്കുന്ന അവസരത്തിലേക്കുള്ള ആദ്യചുവടുവയ്പ് എന്ന രീതിയില്‍ മിസ് ഫൊക്കാന തെരഞ്ഞെടുപ്പില്‍ അനേകര്‍ പങ്കെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കണ്ണിനും കാതിനും ഇമ്പമേകുന്ന നാലു ദിനരാത്രങ്ങള്‍ അമേരിക്കയിലെയും കാനഡയിലേയും ആബാലവൃദ്ധം ജനങ്ങള്‍ക്കും ആഘോഷ ദിനങ്ങള്‍ സമ്മാനിക്കുമെന്നു കാര്യത്തില്‍ സംശയമില്ല.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍