ബ്രക്സിറ്റും ഡോളറും
Thursday, June 30, 2016 8:09 AM IST
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകണമോ എന്നതു സംബന്ധിച്ചു നടത്തിയ ഹിതപരിശോധനയായിരുന്നു ബ്രക്സിറ്റ്. ഒടുവില്‍ ഹിതപരിശോധന വിജയം നേടിയപ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ യൂറോ കവച്ചു വച്ചു നിന്നിരുന്ന പൌണ്ടിനു ക്ഷീണം സംഭവിച്ചു. ആഗോളവ്യാപകമായി സംഭവിച്ച ഈ ക്ഷീണത്തില്‍ ഡോളര്‍ നടത്തിയ മികച്ച പ്രകടനം അമേരിക്കന്‍ മലയാളികളെ സ്വാധീനിച്ചത് പല തരത്തിലാണ്.

ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്കില്‍ ഒരു ഡോളറിന് 70 രൂപ എന്ന മാന്ത്രിക സംഖ്യയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ നില കൊള്ളുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഡോളറിന്റെ വില എന്തായാലും ഉടന്‍ താഴേയ്ക്ക് പോവുകയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ അമേരിക്കയിലുള്ള ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷവും ഈ സാഹചര്യത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കാനായി നാട്ടിലേക്ക് പലവിധത്തില്‍ പണം അയച്ചു കൊണ്ടിരിക്കുകയാണ്. ഈ പണം നാട്ടിലെ ബാങ്ക് അക്കൌണ്ടില്‍ വെറുതേ കിടന്നാലും പത്തിനോടടുത്ത് പല വിധത്തില്‍ പലിശ ലഭിച്ചു കൊണ്ടിരിക്കും. ഗുജറാത്തികള്‍, മാര്‍വാഡികള്‍ തുടങ്ങിയ ഉത്തരേന്ത്യക്കാരിലൂടെ ഇത്തരത്തില്‍ കോടിക്കണക്കിനു രൂപയുടെ ഇടപാട് ഡോളറുമായുള്ള വിനിമയത്തിലൂടെ പ്രതിദിനം സംഭവിക്കുന്നുണ്ട്.

എന്നാല്‍ ദക്ഷിണേന്ത്യക്കാരില്‍ എന്താണ് സംഭവിക്കുന്നത്. ഡോളറിനു വിലയേറിയതോടെ, ഇത്തരക്കാരുടെ നെഞ്ചിടിപ്പാണ് ഇപ്പോള്‍ വര്‍ധിക്കുന്നത്. ഇവരില്‍ പലരും നാടുമായി ബന്ധപ്പെട്ട ഏതെങ്കിലും ബിസിനസില്‍ വ്യാപൃതരായിരിക്കും. നാട്ടില്‍ നിന്നുള്ള പണം ഇവിടേക്ക് (അമേരിക്കയിലേക്ക്) കൊണ്ടു വരാനുള്ള അവരുടെ ശ്രമത്തില്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞു നില്‍ക്കുന്നതായിരിക്കും അവര്‍ക്ക് അനുഗ്രഹം. ആ സ്ഥിതി വിശേഷം കഴിഞ്ഞ കുറേ മാസങ്ങളായി തുടരുകയുമായിരുന്നു. എന്നാല്‍ ബ്രക്സിറ്റ് ഇപ്പോള്‍ അവരുടെ തലയ്ക്കാണ് തല്ലിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ ശക്തമായ ഇടപെടലുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുകയാണെങ്കില്‍ യൂറോ ശക്തി പ്രാപിക്കുമെന്നും ആ നിലയ്ക്ക് പൌണ്ടിനു മൂല്യച്യുതി സംഭവിക്കാനും സാധ്യതയാണ്. അങ്ങനെ വന്നാല്‍ രൂപയുമായുള്ള വിനിമയ നിരക്ക് താരതമ്യം ചെയ്താല്‍ വീണ്ടും ഡോളര്‍ മുകളിലേക്ക് കുതിച്ചു കയറാനാണ് സാധ്യത. നാട്ടിലെ സ്ഥലം വിറ്റ് ആ പണം അമേരിക്കയിലേക്ക് കൊണ്ടു വരാന്‍ കാത്തിരിക്കുന്നവര്‍ക്കും ഇപ്പോള്‍ നഷ്ടത്തിന്റെ കണക്കുകളാണ് മുന്നില്‍ തെളിയുന്നത്. കേരളത്തിലെ റിയല്‍ എസ്റേറ്റ് ബിസിനസ് തകര്‍ന്നു നില്‍ക്കുകയും കിട്ടിയ വിലയ്ക്ക് ഉള്ള സ്ഥലം വിറ്റ് പണം അമേരിക്കയിലേക്ക് ഡോളറായി മാറ്റിയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കൂനിന്മേല്‍ കുരു എന്നതു പോലെ രൂപയുടെ മൂല്യം താഴേയ്ക്ക് വീണത്.

ഇപ്പോഴത്തെ സാഹചര്യം മുതലാക്കാന്‍ എക്സ്ചേഞ്ച് കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് പല ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിദിനം ഇവരുടെ ബിസിനസില്‍ പത്തു മുതല്‍ 40 ശതമാനം വരെ ഉയര്‍ച്ച സംഭവിച്ചിട്ടുണ്െടന്നാണ് ഏകദേശ കണക്ക്. ഇന്ത്യന്‍ ബാങ്കുകള്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യുന്ന തുകയുടെ കാര്യത്തിലും നല്ല വളര്‍ച്ച കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലേക്ക് വരുന്ന പണത്തിന്റെ നാലിലൊന്നു പോലും കേരളത്തിലേക്ക് വരുന്നില്ലെന്നത് മലയാളി ബിസിനസ് സംരംഭകരെ ആശങ്കയിലാഴ്ത്തുന്നു. ഐടി രംഗത്തുള്ളവരെയും ബിസിനസ് ഔട്ട്സോഴ്സ് രംഗത്തുള്ളവര്‍ക്കും ഇത് വന്‍ തിരിച്ചടിയായിരിക്കുകയാണ്. പ്രവാസി നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയര്‍ത്തി വിദേശനാണ്യ വരുമാനം വര്‍ധിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നു ശ്രമങ്ങളുണ്ടാകാത്തിടത്തോളം ബ്രക്സിറ്റ് ആനുകൂല്യം കേരളത്തില്‍ തരംഗമാകില്ലെന്നുറപ്പ്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍