മുട്ടതോട് വളമായി ഉപയോഗിക്കുന്നതിനെതിരെ സ്റേറ്റ് സുപ്രീം കോടതി
Thursday, June 30, 2016 8:05 AM IST
ന്യൂയോര്‍ക്ക്: മുട്ടതോട് കൃഷി ഭൂമിയില്‍ വളമായി ഉപയോഗിക്കരുതെന്നു സ്റേറ്റ് സുപ്രീം കോടതി ജൂണ്‍ 28നു ഉത്തരവിട്ടു. സമീപ പ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളും അയല്‍വാസികളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഇടപെടല്‍.

സുളളിവാന്‍ കൌണ്ടി (അപ് സ്റേറ്റ് ന്യൂയോര്‍ക്ക്) യിലെ കൃഷിക്കാരന്‍ പീറ്റര്‍ ഹോപ്സ്റിക്കെതിരെ സമീപത്തുളള റസ്ററന്റ് ഡിസ്റലറി കമ്പനി ഉടമസ്ഥര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. മുട്ടയുടെ ഷെല്‍ ഉപയോഗിക്കുന്നത് പരിസരം മലീമസമാക്കുമെന്നും ദുര്‍ഗന്ധം വമിക്കുമെന്നും ഇവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൃഷി ഭൂമിയില്‍ ശേഷിക്കുന്ന ഷെല്‍സ് ഉടനെ മാറ്റണമെന്നു കോടതി കൃഷിക്കാരനു നിര്‍ദേശം നല്‍കി.

കോടതിയുടെ ഉത്തരവു അനുസരിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും ഇതു തന്റെ ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്നും കര്‍ഷകന്‍ പറയുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍