'സ്ത്രീകളുടെ സാമൂഹ്യ നവോത്ഥാനത്തിന് ബൈബിളും ക്രിസ്ത്യന്‍ മിഷനറിമാരും സംഭാവനകള്‍ നല്‍കി'
Thursday, June 30, 2016 5:04 AM IST
ഹൂസ്റന്‍: പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു കേവലം അടിമകളെ പോലെ കഴിഞ്ഞിരുന്ന കേരളീയ സ്ത്രീ സമൂഹത്തിനു സാമൂഹ്യ അവകാശങ്ങളുടെയും നീതിയുടെയും വെളിച്ചം നല്‍കി ഒരു മോചനത്തിന്റെ പാതയിലേക്ക് നയിച്ചതില്‍ ക്രിസ്ത്യന്‍ മിഷനറിമാരും ബൈബിളും ഒരു സുപ്രധാന പങ്കു വഹിച്ചിട്ടുണ്െടന്നു ഡോ. ഓമന റസല്‍ പ്രസ്താവിച്ചു.

ജൂണ്‍ 18-നു ഹൂസ്റനിലെ ലിവിംഗ് വാട്ടേഴ്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ 'കേരള സ്ത്രീകളുടെ സാമൂഹ്യ പുരോഗതിയില്‍' ക്രിസ്ത്യന്‍ മിഷനറിമാരും ബൈബിളും വഹിച്ച പങ്കിനെ അധീകരിച്ചു നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാലടി ശ്രീശങ്കര സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. ഓമന റസല്‍. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതിക്രൂരമായ സാമൂഹ്യ ശിക്ഷാവിധികളും സ്ത്രീകളുടെ നേരെയും താഴ്ന്ന വര്‍ഗക്കാരുടെ നേരെയും രാജാക്കന്മാരും വരേണ്യവര്‍ഗവും അടിച്ചേല്‍പ്പിച്ചിരുന്നു. മൃഗീയമായി അടിച്ചമര്‍ത്തപ്പെട്ട അവരുടെ രോദനങ്ങള്‍ കേള്‍ക്കാന്‍ അന്ന് ആരുമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഈ സ്ത്രീകള്‍ പുരുഷന്മാരുടെയും ഉയര്‍ന്ന വര്‍ഗക്കാരുടെയും ഭരണാധികാരികളുടെയും പൂജാരിമാരുടെയും വെറും ഉപഭോഗവസ്തുക്കളായിരുന്നു. താഴ്ന്ന ജാതിയിലുള്ള സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദമില്ലായിരുന്നു- അവര്‍ പറഞ്ഞു.

കെ.ജി. ജോയിക്കുട്ടി അധ്യക്ഷത വഹിച്ച സെമിനാറില്‍ നയിനാന്‍ മാത്തുള്ള സ്വാഗതവും ജേക്കബ് ടൈറ്റസ് നന്ദിയും പറഞ്ഞു. വില്‍സന്‍ ജോസഫ് കിഴക്കേടത്ത് സെമിനാറിന് നേതൃത്വം നല്‍കി. ഗ്രേറ്റര്‍ ഹൂസ്റനിലെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ ജോര്‍ജ് മണ്ണിക്കരോട്ട്, എ. സി. ജോര്‍ജ്, ടി. എന്‍ സാമുവല്‍, തോമസ് വര്‍ഗീസ്, റവ. സണ്ണി താഴാപള്ളം, ഡോ. ജോളി ജോസഫ്, ഷാജി ഈശോ, ജേക്കബ് ഈശോ തുടങ്ങിയവര്‍ ചര്‍ച്ചയിലും സെമിനാറിലും സജീവമായി പങ്കെടുത്തു.

റിപ്പോര്‍ട്ട്: എ.സി.ജോര്‍ജ്