'ആത്മീയതയുടെ കരുത്തില്‍ തിന്മകളെ പ്രതിരോധിക്കുക'
Wednesday, June 29, 2016 6:43 AM IST
ദോഹ: ആത്മീയതയുടെ കരുത്തില്‍ തിമകളെ പ്രതിരോധിക്കുവാനാണ് വ്രതാനുഷ്ഠാനം വിശ്വാസികളെ പരിശീലിപ്പിക്കുന്നതെന്നും സമൂഹത്തില്‍ പ്രചാരം നേടുന്ന തെറ്റായ ശീലങ്ങള്‍ക്കെതിരെ സദാ ജാഗ്രത പാലിക്കണമെന്നും ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശേരി അഭിപ്രായപ്പെട്ടു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആന്റി സ്മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മദ്യവും മയക്കുമരുന്നുകളും നമുക്കു ചുറ്റും അപകടകരമായ രീതിയില്‍ വളരുമ്പോഴും സമൂഹം ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് ആത്മഹത്യാപരമാണ്. ലഹരി ഉപഭോഗത്തിനും ശക്തമായ ബോധവത്കരണവും നിയമനടപടികളും അത്യാവശ്യമാണ്. മുമ്പൊക്കെ പ്രായം ചെന്ന പുരുഷന്മാരും യുവാക്കളുമൊക്കെയാണ് ലഹരിക്ക് അടിപ്പെട്ടിരുന്നുവെങ്കില്‍ ഇന്നു സ്ത്രീകളും കുട്ടികളുമൊക്കെ ലഹരിയുടെ ഉപഭോക്താക്കളാവുന്നു എന്നതാണ് അവസ്ഥ. വിവാഹ ആഘോഷപരിപാടികളിലുമൊക്കെ ലഹരി അവിഭാജ്യ ഘടകമായി മാറുമ്പോഴും സമൂഹം ആത്മീയമായും ധാര്‍മികമായും അധഃപതിക്കുകയാണ്.

സമൂഹത്തില്‍ രൂപപ്പെടുന്ന തെറ്റായ നീക്കങ്ങള്‍ക്കെതിരെ നന്മയുടെ ചേരി ശക്തിപ്പെടണം. ലഹരിയില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ ബോധമുള്ളവര്‍ അണിനിരക്കുകയെന്നതാണ് ലഹരി വിരുദ്ധ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നതെന്നു ഹബീബുറഹ്മാന്‍ പറഞ്ഞു.

ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പ്ളക്കാര്‍ഡുകളുമായി ആന്റി സ്മോക്കിംഗ് സൊസൈറ്റി പ്രവര്‍ത്തകര്‍ നടത്തിയ ലഹരി വിരുദ്ധ പരേഡ് ദിനാചരണത്തിനു മാറ്റു കൂട്ടി. പുകവലി, മദ്യം, മയക്കുമരുന്നു ഉപഭോഗങ്ങള്‍ക്കെതിരെ ശക്തമായ ബോധനവത്കരണ പരിപാടികള്‍ക്ക് ജനകീയ കൂട്ടായ്മക്ക് ആഹ്വാനം ചെയ്തുകൊണ്ടാണ് പരിപാടി അവസാനിച്ചത്.

ആന്റി സ്മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഡോ. അബ്ദുല്‍ റഷീദ്, സിഇഒ അമാനുല്ല വടക്കാങ്ങര, നുസ്റത്തുല്‍ അനാം ട്രസ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, യതീന്ദ്രന്‍ മാസ്റര്‍ എന്നിവര്‍ സംസാരിച്ചു.