മാധവന്‍ ബി. നായരെ വിജയിപ്പിക്കാന്‍ ആഹ്വാനം
Wednesday, June 29, 2016 6:40 AM IST
ന്യൂയോര്‍ക്ക്: കാനഡയിലെ ടൊറേന്റോയില്‍ ഫൊക്കാനയുടെ ദേശീയോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ഇലക്ഷനില്‍ 2016-2018 കാലയളവിലേക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മാധവന്‍ ബി. നായരെ വിജയിപ്പിക്കണമെന്നു ഫിലിപ്പോസ് ഫിലിപ്പ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കാഴ്ചപ്പാടുകളില്‍ പുതുമയും പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലതയും കാത്തുസൂക്ഷിക്കുന്ന സുഹൃത്തുക്കളുടെ എംബിഎന്‍ ആയ മാധവന്‍ ബി. നായര്‍, ചില ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ തന്നെ ഫൊക്കാനയിലും മലയാളി സമൂഹത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നു വിശ്വസിക്കുന്ന മാനേജ്മെന്റ് വിദഗ്ധന്‍ കൂടിയാണ്. ഇതിനോടകം തന്നെ കഴിവു തെളിയിച്ച കരുത്തനായ നേതാവായ മാധവന്‍ നായര്‍ക്കും ടീമിനും ഒന്‍പത് റീജണുകളില്‍ ആറെണ്ണത്തിലേയും റീജണല്‍ വൈസ് പ്രസിഡന്റുമാര്‍ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. കമ്മിറ്റിയിലും മറ്റും ബഹുഭൂരിപക്ഷവും മാധവന്‍ നായരെ അനുകൂലിക്കുന്നു.

സംഘടനാ രംഗത്ത് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം കൈമുതലായുള്ള മാധവന്‍ നായര്‍, നിസ്വാര്‍ഥസേവനം കൈമുതലാക്കിയ മനുഷ്യസ്നേഹിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ സുസമ്മതനാണന്നതും ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു മാറ്റു കൂട്ടുന്നു. അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസുകാരനായ, ട്രൈസ്റേറ്റ് ഏരിയയിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടന നാമത്തെ മൂന്നുവര്‍ഷംകൊണ്ട് അമേരിക്കയിലെ തന്നെ പ്രമുഖ സംഘടനയാക്കി മാറ്റിയ ഈ നേതാവിന്റെ സാരഥ്യമികവ് ഫൊക്കാനയുടെ തലപ്പത്തും ഇദ്ദേഹത്തിന് ശോഭയേറ്റുമെന്ന് പ്രതീക്ഷകളേറെ. നിലവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായ മാധവന്‍ ബി. നായര്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു. ഇന്തോ- അമേരിക്ക കള്‍ച്ചറല്‍ അസോസിയേഷന്റെ ട്രസ്റി ബോര്‍ഡ് അംഗവുമാണ്.

അമേരിക്കന്‍ മുഖ്യധാരാ പ്രസ്ഥാനമായ റോട്ടറി ക്ളബിന്റെ പ്രസിഡന്റായും സ്വന്തമായി ഫിനാന്‍ഷ്യല്‍ സ്ഥാപനമുള്ള മാധവന്‍ ബി. നായര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റും ബിസിനസ് തന്ത്രജ്ഞനുമായ മാധവന്‍ ബി. നായരെ തേടിയെത്തിയിട്ടുള്ള പുരസ്കാരങ്ങളും നിരവധിയാണ്. പ്രവര്‍ത്തനവഴികളിലെ പരിചയസമ്പന്നതയും വിനയവും ത്യാഗസന്നദ്ധതയും കൈമുതലായുള്ള മാധവന്‍ ബി. നായരുടെ നേതൃത്വം ഫൊക്കാനയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.