സൌദിയില്‍ മൂന്നാം ഘട്ട നിതാഖാത്; കൂടുതല്‍ സ്ഥാപനങ്ങള്‍ മഞ്ഞ വിഭാഗത്തില്‍പ്പെടും
Wednesday, June 29, 2016 6:35 AM IST
ദമാം: സൌദിയില്‍ ഡിസംബര്‍ 11നു തുടങ്ങുന്ന മുന്നാം ഘട്ട നിതാഖാത്തില്‍ ഒന്‍പതും അതില്‍ കുറവും ജീവനക്കാരുള്ള സ്ഥാപനങ്ങളേയും നിതാഖാതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഡപ്യൂട്ടി തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്ലുഹൈദാന്‍.

എട്ടു ലക്ഷം സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ സൌദിയിലുള്ളത്. ഈ സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്കു ധാരാളം തൊഴില്‍ സാധ്യതകളുണ്ട്. ഇതു കണക്കിലെടുത്താണ് നിതാഖാത്തിന്റെ മൂന്നാം ഘട്ടത്തില്‍ ചെറുകിട സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.

നിതാഖാത് അല്‍ മൌസൂന്‍ എന്നു പേരിട്ടിരിക്കുന്ന നിതാഖാത് മൂന്നാം ഘട്ടം നടപ്പാക്കുന്നതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ മഞ്ഞ വിഭാഗത്തില്‍പ്പെടും. എന്നാല്‍ പിന്നീട് ഇവ പച്ചയിലേക്കു മാറും. 2011ല്‍ നിതാഖാത് ആരംഭിച്ചപ്പോള്‍ 50 ശതമാനം സ്ഥാപനങ്ങളും മഞ്ഞ വിഭാഗത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഞ്ചു ശതമാനം മാത്രമേ മഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളു. ബാക്കി ബഹുഭൂരിഭാഗം സ്ഥാപനങ്ങളും സുരക്ഷിത വിഭാഗമായ പച്ചയിലേക്കു മാറി.

മൂന്നാംഘട്ട നിതാഖത് നടപ്പാക്കുന്നതോടെ സ്വദേശികളുടെ വ്യാജ നിയമനം കുറയും. സ്വദേശി ജീവനക്കാരുടെ എണ്ണം മാത്രമല്ല അവരുടെ ശമ്പളംകൂടി ഉള്‍പ്പെടുത്തിയുള്ളതാണ് നിതാഖാത് അല്‍ മൌസൂന്‍. സ്വദേശികള്‍ക്കു ചുരുങ്ങിയത് മുവായിരം റിയാല്‍ ശമ്പളം നല്‍കിയിരിക്കണമെന്നാണ് ഇതിലെ വ്യവസ്ഥ.

സൌദി വിഷന്‍ 2030 ന്റെ ഭാഗമായി സ്വദേശി ജീവനക്കാരുടെ തൊഴിലും തൊഴില്‍ നൈപുണ്യവും മികവുറ്റതാക്കുകയും ഉദ്പാദനമേഖലക്ക് ഉണര്‍വുണ്ടാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

സ്വദേശികളുടെ വേതനം ജോലി സ്ഥിരത ഉയര്‍ന്നതസ്തികയിലുള്ള നിയമനം വനിതാ പങ്കാളിത്തം എന്നിവയാണ് പ്രധാനമായും നിതാഖാത് അല്‍മൌസൂനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം