ഡോ. ശ്രീധര്‍ കാവിലിനു ഡബ്ള്യുഎംസിയുടെ അന്ത്യ പ്രണാമം
Wednesday, June 29, 2016 6:31 AM IST
ഫിലഡല്‍ഫിയ: വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജണ്‍ ജൂണ്‍ 25നു സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ റീജണല്‍ കോണ്‍ഫറന്‍സില്‍ സംഘടനയുടെ ഫൌണ്ടര്‍മാരില്‍ ഒരാളും ഉന്നതനേതാവും യൂണിഫൈഡ് അമേരിക്ക റീജണ്‍ അഡ്വൈസറി ചെയര്‍മാനും പ്രവാസി പ്രൊട്ടക്ഷന്‍ ബില്ലിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളും ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയില്‍ സീനിയര്‍ പ്രഫസറുമായിരുന്ന ഡോ. ശ്രീധര്‍ കാവിലിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പു നല്‍കി.

ഗ്ളോബല്‍ പ്രസിഡന്റ് ഐസക് പട്ടാണിപ്പറമ്പില്‍, ഡോ. ജെ. അലക്സാണ്ടര്‍ ഐഎഎസ് (ഗോബല്‍ ചീഫ് എന്‍. ഇ, സി) എന്നീ ഗ്ളോബല്‍ നേതാക്കള്‍ മുഖ്യ അതിഥികളായി പങ്കെടുത്തു ഗ്ളോബല്‍ നേതൃത്തിന്റെ അനുശോചനമറിയിച്ചു. അടുത്ത സുഹൃത്തുക്കളായ ചാക്കോ കോയിക്കലേത്ത്, ജോണ്‍ ഷെറി, തോമസ് മോട്ടക്കല്‍, തങ്കം അരവിന്ദന്‍, ഡോ. രുഗ്മിണി പദ്മകുമാര്‍, പിന്റോ ചാക്കോ, ഡോ. എലിസബത്ത് മാമ്മന്‍, ജോര്‍ജ് പനക്കല്‍, ജോണ്‍ തോമസ്, ഫിലിപ് മാരേട്ട് തുടങ്ങിയവര്‍ തങ്ങളുടെ സ്നേഹാദരങ്ങള്‍ അര്‍പ്പിച്ചു. കോണ്‍ഫെന്‍സ് കമ്മിറ്റിക്കുവേണ്ടി സി.പി. സാബു ജോസഫ്, ഷോളി കുമ്പിളുവേലി എന്നിവര്‍ ആദരാഞ്ജലികള്‍ നേര്‍ന്നു. അഡ്വൈസറി ബോര്‍ഡിനു വേണ്ടി ഡോ. ജോര്‍ജു ജേക്കബ് സ്നേഹ സന്ദേശം നല്‍കി. പി.സി. മാത്യു കവിത ചൊല്ലി.

ഗോബല്‍ അഡ്വൈസറി ചെയര്‍മാന്‍ ജോണി കുരുവിള, ചെയര്‍മാന്‍ പി.വി. പ്രവീണ്‍, ഗുഡ് വില്‍ അംബാസഡര്‍ എ.എസ്. ജോസ്, അലക്സ് കോശി വിളനിലം, ഗ്ളോബല്‍ സെക്രട്ടറി സിറിയക് തോമസ്, ട്രഷറര്‍ ജോബിന്‍സണ്‍ കോട്ടത്തില്‍ എന്നിവര്‍ അനുശോചന സന്ദേശം അയച്ചു.

ഡോ. കാവിലിന്റെ അനാച്ഛാദനം ചെയ്ത കളര്‍ ചിത്രത്തിനു മുമ്പില്‍ നിലവിളക്കു തെളിച്ചു നേതാക്കള്‍ ഡോ. കാവിലിന്റെ മായാത്ത ഓര്‍മയ്ക്കു മുമ്പില്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോണ്‍ഫറന്‍സ് സെക്രട്ടറി പിന്റോ ചാക്കോ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം