ടെക്സസിലെ ഗര്‍ഭഛിദ്ര നിയന്ത്രണങ്ങള്‍ക്കു സുപ്രീംകോടതിയില്‍ തിരിച്ചടി
Tuesday, June 28, 2016 5:41 AM IST
വാഷിംഗ്ടണ്‍: ടെക്സസ് സംസ്ഥാനം അംഗീകരിച്ച കര്‍ശന ഗര്‍ഭചിദ്ര നിരോധന നിയമങ്ങള്‍ സ്ത്രീകള്‍ക്കു ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണെന്നു യുഎസ് സുപ്രീം കോടതി. ടെക്സസ് സംസ്ഥാനത്തുണ്ടായിരുന്ന നാല്പതോളം അബോര്‍ഷന്‍ ക്ളിനിക്കുകളില്‍ മുപ്പതെണ്ണം അടച്ചുപൂട്ടിയതിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച കേസിലാണ് സുപ്രീം കോടതിയുടെ എട്ടംഗ ജഡ്ജിംഗ് പാനലിലെ ഭൂരിപക്ഷം അംഗങ്ങള്‍ വിധിയെഴുതിയത്.

ജൂണ്‍ 27നു ഉണ്ടായ സുപ്രീംകോടതി വിധി ടെക്സസ് സംസ്ഥാനത്തിനു മാത്രമല്ല, ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി ബാധകമാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.

2013 ല്‍ ജൂലൈ ഗവര്‍ണര്‍ റിക്ക്പെറിയാണു റിപ്പബ്ളിക്കന്‍ ഭൂരിപക്ഷ ലജിസ്ളേച്ചര്‍ അംഗീകരിച്ചു പാസാക്കിയ നിയമത്തില്‍ ഒപ്പിട്ടത്. ടെക്സസിലെ 9,00,000 ഗര്‍ഭസ്ഥ സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ ക്ളിനിക്കുകളില്‍ എത്തിചേരണമെങ്കില്‍ 300 മൈലോളം ഡ്രൈവ് ചെയ്യേണ്ടിവരുന്നത് അവരില്‍ അമിതഭാരം അടിച്ചേല്പിക്കുന്നതിന് തുല്യമാണ്. ഇത് അംഗീകരിക്കാനാവില്ല. ഭൂരിപക്ഷ ജഡ്ജിമാരുടെ തീരുമാനം പ്രഖ്യാപിച്ച ജസ്റിസ് സ്റീഫന്‍ ജി ബ്രയര്‍ പറഞ്ഞു. അമേരിക്കയില്‍ ഗര്‍ഭചിദ്രം നിയമവിധേയമാക്കികൊണ്ടു സുപ്രീം കോടതിവിധി പ്രഖ്യാപിച്ചതിനുശേഷം ഈ കേസില്‍ ആദ്യമായാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

വിധി പ്രഖ്യാപിച്ചതോടെ സുപ്രീംകോടതിക്കു പുറത്തു അബോര്‍ഷന്‍ അനുകൂലികള്‍ ആഹ്ളാദ പ്രകടനം നടത്തി. സ്ത്രീകള്‍ക്കു ലഭിച്ചിരുന്ന സംരക്ഷണം സുപ്രീം കോടതിവിധിയോടെ ഇല്ലാതായെന്നാണ് ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍