മെസിയോട് സഹതപിച്ചു ഷാര്‍ജയിലെ അര്‍ജന്റീന ആരാധകന്‍
Tuesday, June 28, 2016 5:07 AM IST
ദുബായ്: അര്‍ജന്റീനക്കാരനായ ജോര്‍ജ് ഫെരാരി ഷാര്‍ജയിലെ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്. കോപ്പ അമേരിക്കയിലെ സ്വന്തം രാജ്യത്തിന്റെ പരാജയവും ഇതേത്തുടര്‍ന്നു ലയണല്‍ മെസി കടന്നുപോകേണ്്ടി വന്ന അവസ്ഥയും ഓര്‍ത്തു വേദനിക്കുകയാണു ഇദ്ദേഹം.

അര്‍ജന്റീനയുടെ ജേഴ്സി അണിഞ്ഞുള്ള മെസിയുടെ അവസാന മല്‍സരമായിരിക്കും ഇതെന്നു തനിക്കു നേരത്തെ തോന്നിയിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. ടീമിന്റെ തോല്‍വിയേക്കാളുപരി മെസി എന്ന താരത്തിന്റെ ടീമിനോടുള്ള ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്നതാണു ഫെരാരിയെ കൂടുതല്‍ വിഷമിപ്പിക്കുന്നത്. വെറുതെ ദേശീയ ഗാനം ആലപിച്ച് ദേശസ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയല്ല മെസി. ഇത്രയും വര്‍ഷം ടീമിനോട് ചേര്‍ന്നു നില്ക്കുകയും എല്ലാ കളിയും കളിക്കണമെന്ന ആവേശം ചോരാതെ കാത്തു സൂക്ഷിക്കുകയും ചെയ്യുക വഴിയാണു മെസി തന്റെ ആത്മാര്‍ഥതയും താല്പര്യവും കാണിച്ചത്. പക്ഷേ, ജയം നമ്മുടെ കൈയില്‍ അല്ലല്ലോ. പിഴവുകളില്ലാത്ത ജീവിതം അസാധ്യമാണ്.

പക്ഷേ, അദ്ദേഹം തിരിച്ചുവരാനുള്ള സാധ്യത ഇദ്ദേഹം തള്ളിക്കളയുന്നില്ല. ഞങ്ങള്‍ അര്‍ജന്റീനക്കാര്‍ തല ഉപയോഗിച്ചല്ല ഹൃദയം കൊണ്്ടാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അതിനാല്‍, മെസി വിരമിക്കാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് ഉറപ്പാണ്. അര്‍ജന്റീനിയിലെ ജനങ്ങളും ഇക്കാര്യത്തില്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കും. പക്ഷേ, കുറച്ചു കാലത്തേക്കു അദ്ദേഹത്തെ നാം തനിച്ചു വിടുകയാണു വേണ്്ടതെന്നാണ് ഫെരാരിയുടെ നിര്‍ദ്ദേശം.

മെസിക്ക് പുറമേ മറ്റ് കളിക്കാരും വിരമിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളോടും ഫെരാരി പ്രതികരിക്കുന്നു. ലോകത്തെ മികച്ച ടീമുകളിലൊന്നാണു ഞങ്ങളുടേത്. മൂന്നു തവണ ഫൈനലില്‍ പരാജയപ്പെടുന്നത് ഈ കളിക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. വിജയിക്കാനായി അവര്‍ അതീവ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍, കളിക്കാരെ മാത്രം കുറ്റപ്പെടുത്തുന്നതിനോടും ഫെരാരിക്ക് എതിര്‍പ്പാണ്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ നിലയും ഭദ്രമല്ല. പരിശീലകന് ശമ്പളം ലഭിച്ചിട്ടു ഏഴു മാസമായെന്ന് റിപ്പോര്‍ട്ടുകളുണ്്ടായിരുന്നു. അതിനാല്‍, കളിക്കാര്‍ക്കു വേണ്്ടത്ര പിന്തുണ കിട്ടിയിട്ടുണ്്ടാവില്ല. പല കളിക്കാരും ക്ളബ് മല്‍സരങ്ങള്‍ക്കു ശേഷം അവധിയെടുക്കാറു പോലുമില്ല. തന്റെ കഴിഞ്ഞ ഏതാനും ജന്മദിനങ്ങള്‍ പോലും ടീമിന്റെ ഒപ്പമാണ് മെസി ആഘോഷിച്ചത്. അങ്ങനെയുള്ള ഒരു താരത്തെ ഉഴപ്പനെന്നു വിളിക്കാന്‍ കഴിയില്ലെന്നും ഫെരാരി കൂട്ടിച്ചേര്‍ക്കുന്നു.