യുകെ-ഇയു ഡിവോഴ്സ് സൌഹാര്‍ദപരമാകണം: യുഎസ്
Monday, June 27, 2016 8:09 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനുള്ള യുകെയുടെ തീരുമാനം ഖേദകരമെന്ന് യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. തീരുമാനമായ നിലയ്ക്ക്, വഴിപിരിയലിനുള്ള നടപടിക്രമങ്ങള്‍ സൌഹാര്‍ദപരമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂറോപ്യന്‍ യൂണിയന്റെയും യുകെയുടെയും നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തിങ്കളാഴ്ച കെറി ബ്രസല്‍സിലെത്തും. വഴിപിരിയല്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും യൂറോപ്യന്‍ ഐക്യം എന്ന പൊതു തത്വം ലംഘിക്കപ്പെടരുതെന്നും കെറി.

യുകെ ഒരു തീരുമാനമെടുത്തിരിക്കുന്നു. ഉറപ്പായും ആ തീരുമാനം മറിച്ചാകണമെന്നായിരുന്നു യുഎസിന്റെ ആഗ്രഹം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയനില്‍ മാറ്റത്തിനു കാലമായെന്നു തെളിയിക്കുന്നതാണ് ബ്രെക്സിറ്റ് ഹിതപരിശോധനാ ഫലമെന്ന് കെറിക്കൊപ്പമുണ്ടായിരുന്ന ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി പൌലോ ജെന്റിലോണി പറഞ്ഞു. ബ്രിട്ടനുമായി ഇറ്റലിക്കുള്ള ചരിത്രപരമായ സൌഹാര്‍ദവും നാറ്റോ വഴിയുള്ള സഖ്യവും പുനര്‍ചിന്തനത്തിനു വിധേയമാകുന്ന സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍