സിദ്ധരാമയ്യക്കു വനിതാ താലൂക്ക് പഞ്ചായത്ത് അംഗത്തിന്റെ ചുംബനം
Monday, June 27, 2016 7:48 AM IST
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പൊതുവേദിയില്‍ യുവതി ചുംബിച്ചു. ജില്ലാ, താലൂക്ക് പഞ്ചായത്തുകളിലേക്കു പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുറൂബ വിഭാഗത്തില്‍പ്പെട്ട ജനപ്രതിനിധികളെ അഭിനന്ദിക്കാനായി കര്‍ണാടക പ്രദേശ് കുറൂബ സംഘം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അപ്രതീക്ഷിത സംഭവം. സ്വീകരണപരിപാടിയില്‍ പങ്കെടുത്തവരെല്ലാം ഗ്രൂപ്പ് ഫോട്ടോയ്ക്ക് നിരന്നുനിന്നപ്പോള്‍ സിദ്ധരാമയ്യയുടെ തൊട്ടടുത്തായിരുന്നു ചിക്കമംഗ്ളൂരുവിലെ തരിക്ക്രേയില്‍നിന്നുള്ള താലൂക്ക് പഞ്ചായത്തംഗം ഗിരിജ ശ്രീനിവാസിന് സ്ഥലംകിട്ടിയത്. പെട്ടെന്നു പൊട്ടിച്ചിരിച്ചുകൊണ്ട് ഗിരിജ മുഖ്യമന്ത്രിയുടെ കവിളില്‍ ചുംബിക്കുകയായിരുന്നു.

ആദ്യം അമ്പരന്ന സിദ്ധരാമയ്യ പെട്ടെന്നു ചെറുപുഞ്ചിരിയോടെ തൂവാലകൊണ്ടു കവിള്‍ തുടച്ചു. കുറൂബ സമുദായത്തില്‍നിന്നുള്ളയാളാണു സിദ്ധരാമയ്യ. ഇതേ സമുദായത്തില്‍പ്പെട്ട താനും കുടുംബവും പിതൃതുല്യനായി കാണുന്ന മുഖ്യമന്ത്രിയുടെ അടുത്തുനില്‍ക്കാന്‍ കഴിഞ്ഞതിലുള്ള അത്യാഹ്ളാദത്തിലാണു ചുംബിച്ചതെന്നായിരുന്നു യുവതിയുടെ പ്രതികരണം. ഗിരിജയെ മകളെപ്പോലെയാണു കരുതുന്നതെന്നു പിന്നീടു സിദ്ധരാമയ്യയും പറഞ്ഞു.