പെണ്‍മക്കളെ വെടിവച്ചു കൊന്ന മാതാവ് പോലീസ് വെടിയേറ്റു മരിച്ചു
Monday, June 27, 2016 7:37 AM IST
ഹൂസ്റണ്‍: ഹൂസ്റണില്‍ കുടുംബ കലഹത്തെ തുടര്‍ന്നു രണ്ടു പെണ്‍മക്കളെ വെടിവച്ചു കൊന്നശേഷം പോലീസിനു നേരെ തോക്കു ചൂണ്ടി പുറത്തിറങ്ങിയ മാതാവ് പോലീസിന്റെ വെടിയേറ്റു മരിച്ചു. ഫോര്‍ട്ട്ബെന്റ് പോലീസാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

ജൂണ്‍ 24നു വൈകുന്നേരം അഞ്ചിനാണ് സംഭവം. 42 രണ്ട് വയസുളള ക്രിസ്റി ഷീറ്റ്സ് മക്കളായ ടെയ്ലര്‍ (22) മാഡിസണ്‍ (17) എന്നിവര്‍ക്കു നേരെയാണ് വെടിയുതിര്‍ത്തത്. സഹോദരിമാരാണെങ്കിലും ഇരുവരും സ്നേഹിതരായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഇവരുടെ പിതാവ് ഉണ്ടായിരുന്നു. വെടിവയ്ക്കരുതെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും മാതാവ് അതു ചെവിക്കൊണ്ടില്ല. വെടിയേറ്റ മക്കള്‍ പിതാവിനേയും കുട്ടി പുറത്തേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ടെയ്ലര്‍ കുഴഞ്ഞു വീണു. മാഡിസനു പിന്‍വശത്താണ് വെടിയേറ്റത്.

ക്രിസ്റിയും ഭര്‍ത്താവും വിവാഹമോചനം നേടിയിരുന്നു. ഈയ്യിടെ വീണ്ടും ഒന്നിച്ചു. സംഭവ സ്ഥത്ത് പോലീസ് എത്തിയപ്പോള്‍ തോക്ക് കൈയിലെടുത്തു പുറത്തുവരാന്‍ ശ്രമിച്ച ക്രിസ്റിയോട് തോക്ക് താഴെ ഇടാന്‍ ആവശ്യപ്പെട്ടെങ്കിലും ഉത്തരവ് അനുസരിക്കാതിരുന്നതാണ് വെടിവയ്ക്കുവാന്‍ പോലീസിനെ നിര്‍ബന്ധിതരാക്കിയത്.

വെടിയേറ്റവരെ ടെക്സസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തേക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍