പ്രവാസികള്‍ വിരുന്നൊരുക്കേണ്ടതു പാവപ്പെട്ടവര്‍ക്കുവേണ്ടി: റാഷിദ് ഗസാലി
Monday, June 27, 2016 7:27 AM IST
ജിദ്ദ: നാട്ടില്‍ പോകുമ്പോള്‍ അറബ് വിഭവങ്ങളൊരുക്കി കുലീനന്മാരെ വിരുന്നിനു വിളിക്കുന്ന പ്രവാസികള്‍ ആ വിഭവങ്ങള്‍ ഒരിക്കല്‍പോലും രുചിച്ചിട്ടില്ലാത്ത പാവങ്ങളെ കൈപിടിച്ച് ക്ഷണിക്കണമെന്നു സൈന്‍ മാനവ വിഭവശേഷി കേന്ദ്രം ഡയറക്ടറും യുവപണ്ഡിതനുമായ റാഷിദ് ഗസാലി. സൈന്‍ ജിദ്ദ ചാപ്റ്ററും ജിദ്ദ പൌരാവലിയും സംഘടിപ്പിച്ച നാലാമത് റംസാന്‍ പ്രഭാഷണത്തിന്റെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവങ്ങളെയും അനാഥകളെയും പരിഗണിക്കാതെ ദൈവം തന്ന സൌഭാഗ്യങ്ങള്‍ക്കു നന്ദി അര്‍പ്പിക്കാനാവില്ല. ഒരു സുപ്രഭാതത്തില്‍ രോഗം വന്നാല്‍ തളര്‍ന്നു വീഴുന്നവര്‍ എങ്ങനെയാണ് പണമുണ്ടാകുമ്പോള്‍ അഹങ്കാരികളാകുന്നത്? ജീവിതത്തിലുണ്ടാകുന്ന ഭാഗ്യവും നിര്‍ഭാഗ്യവുമെല്ലാം ദൈവത്തിന്റെ പരീക്ഷണമാണ്. ഏകദൈവത്തിലുള്ള വിശ്വാസത്തില്‍ അടിയുറച്ചുനിന്നു കൊണ്ടാണ് ഈ പരീക്ഷണങ്ങളെ നേരിടേണ്ടത്. സുഖങ്ങള്‍ കിട്ടുമ്പോള്‍ അല്ലാഹു പരിഗണിച്ചു എന്നും അസുഖങ്ങള്‍ വരുമ്പോള്‍ അവഗണിച്ചു എന്നും പറയുന്നവരുടെ വിശ്വാസം ദുര്‍ബലമാണ് അദ്ദേഹം പറഞ്ഞു. സൂറത്തുല്‍ ഫജര്‍, മാനവ ചരിത്രത്തിന് ഒരാമുഖം എന്ന വിഷയത്തിലാണ് പ്രഭാഷണം.

അല്‍റയാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. സൈന്‍ ഇന്ത്യ നേതൃത്വം നല്‍കുന്ന ശിഹാബ് തങ്ങള്‍ സ്കോളര്‍ഷിപ്പ് പദ്ധതിയെ കുറിച്ച് നാസര്‍ വെളിയംകോട് സംസാരിച്ചു. ഗോപി നെടുങ്ങാടി, മജീദ് നഹ, സി.കെ. ഷാക്കിര്‍, അനസ് പരപ്പില്‍, എന്‍.എം. ജമാലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. അലി അബ്ദുറഹിമാന്‍ ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍