'ഷെയ്ഖ് സായിദ് പകരക്കാരനില്ലാത്ത കര്‍മയോഗി'
Monday, June 27, 2016 7:26 AM IST
അബുദാബി: യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് പകരം വയ്ക്കാനില്ലാത്ത കര്‍മയോഗിയായിരുന്നുവെന്നു യുഎഇ പ്രസിഡന്റിന്റെ റംസാന്‍ അതിഥിയും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി. അബുദാബി നാഷണല്‍ തിയേറ്ററില്‍ റംസാന്‍ പ്രഭാഷണത്തില്‍ ഷെയ്ഖ് സായിദ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഷെയ്ഖ് സായിദ് ജീവിതകാലം മുഴുവന്‍ സത്കര്‍മങ്ങള്‍ക്കുവേണ്ടി മാറ്റിവച്ചു. പാവപ്പെട്ടവന്റെ അത്താണിയായിരുന്നു. രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ നോക്കാതെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് കോടികളുടെ ധന സഹായമാണ് നല്‍കിയത്. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്. പരിപൂര്‍ണ മുസ്ലിം നാവുകൊണ്േടാ മറ്റു അവയവങ്ങള്‍ കൊണ്േടാ ഒരാളെയും ഉപദ്രവിക്കില്ല. ഒരു മുസ്ലിം നന്മകൊണ്ടാണ് തെറ്റിനെ പ്രതിരോധിക്കേണ്ടത്. വര്‍ഗീയതയോ തീവ്രവാദമോ ഭീകരവാദമോ ഇസ്ലാമിന്റെ ആശയമല്ല. പ്രവാചക ചര്യ ശാന്തിയും സമാധാനവുമാണ്. മഹാന്മാരായ പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാതയില്‍ ഇസ്ലാമിനെ മനസിലാക്കണം. അദ്ഭുതങ്ങള്‍ കാണിച്ച് ഇല്ലാത്ത വചനങ്ങള്‍ പറഞ്ഞ് ഇസ്ലാമിനെ വിവരിക്കുന്നവരുണ്ട്. അദ്ഭുതം കാണിച്ച് ജനങ്ങളെ വഴിപിഴപ്പിക്കുകയാണ് ഒരു സമൂഹം. ഖുര്‍ആന്‍ വചനങ്ങള്‍ സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ചിലര്‍ വ്യാഖ്യാനിക്കുകയാണ്. പാരമ്പര്യമായി പണ്ഡിതന്മാരും പൂര്‍വികരും കാണിച്ചുതന്ന പാതയിലൂടെ ഇസ്ലാമിനെ മനസിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഈ വര്‍ഷം വായനാവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വായനയാണ് മനുഷ്യന് അറിവും സംസ്കാരവും പകരുന്ന പ്രധാന വഴി. അത് കൊണ്ട്തന്നെ ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ച വായനാ കാമ്പയിന്‍ സമൂഹത്തിനുള്ള ഏറ്റവും വലിയ സമ്മാനമാണെന്നും പേരോട് വ്യക്തമാക്കി.

ഐസിഎഫ് ദേശീയ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, വി.പി.എം. ഫൈസി വില്യാപ്പള്ളി, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ഹസന്‍ മുസ്ലിയാര്‍ വയനാട്, പി.വി. അബൂബക്കര്‍ മൌലവി, ഷെയ്ഖ് ഫായിദ് മുഹമ്മദ് സയിദ്, ഡോ. പി.എ. മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ബാവ ഹാജി, അലവി സഖാഫി കൊളത്തൂര്‍, ഹമീദ് ഈശ്വരമംഗലം, ഉസ്മാന്‍ സഖാഫി തിരുവത്ര തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള