ഭയമില്ലാതാക്കാന്‍ ചുട്ടു പഴുത്ത കല്‍ക്കരിക്കു മുകളിലൂടെ നടന്നു, ഒടുവില്‍ പൊളളലേറ്റ് ആശുപത്രിയില്‍
Saturday, June 25, 2016 8:58 AM IST
ഡാളസ്: ആവേശകരമായ പ്രസംഗത്തിനൊടുവില്‍ പ്രാസംഗികന്‍ നല്‍കിയ ആഹ്വാനത്തില്‍ ആകൃഷ്ടരായി പ്രത്യേകം തയാറാക്കിയ ചുട്ടു പഴുത്ത കല്‍ക്കരി ബെഡിലൂടെ നടന്ന 30ല്‍പരം പേര്‍ കാല്‍പാദം മുതല്‍ മുകളിലേക്ക് പൊളളലേറ്റ് ആശുപത്രിയിലായി.

ഡാളസിലാണു സംഭവം. ഡാളസ് കെ. ബെയ്ലി ഹച്ചില്‍സണ്‍ സെന്ററില്‍ മൂന്നു ദിവസം നീണ്ടു നിന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് ആരാധകര്‍ എത്തിയത്. ജൂണ്‍ 23നു രാത്രി 11ന് ആദ്യ സെഷന്‍ അവസാനിച്ചതോടെ, മോട്ടിവേഷനല്‍ സ്പീക്കര്‍ ടോണി റോബിന്‍ മനുഷ്യ മനസുകളില്‍ പതിയിരിക്കുന്ന ഭയത്തെ പുറത്താക്കുന്നതിനും സ്വയം ശക്തി തെളിയിക്കുന്നതിനും പ്രസംഗ പീഠത്തിനരികെ തയാറാക്കിയിരിക്കുന്ന ചുട്ടു പഴുത്ത കല്‍ക്കരിക്ക് മുകളിലൂടെ നടക്കണമെന്നു ആഹ്വാനം ചെയ്തു.

ഇതു കേട്ട് ആവേശഭരിതരായ ശ്രോതാക്കളില്‍ ഓരോരുത്തരായി കല്‍ക്കരിക്കു മുകളിലൂടെ നടക്കാനാരംഭിച്ചു. നഗ്നപദാരായി നടന്ന പലരുടേയും പാദങ്ങളും കാലുകളും പൊളളലേറ്റ് വികൃതമായതോടെ ഫയര്‍ ഫോഴ്സുകാര്‍ സ്ഥലത്തെത്തി. ഗുരുതരമായി പൊളളലേറ്റവര്‍ ഉള്‍പ്പെടെ മുപ്പതു പേരേയാണ് പ്രഥമ ചികിത്സയ്ക്കുശേഷം ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡാളസ് ഫയര്‍ഫോഴ്സ് റസ്ക്യു സ്പോക്ക്സ്മാന്‍ ജേസണ്‍ ഇവാന്‍സ് പറഞ്ഞു.

2012 ല്‍ കലിഫോര്‍ണിയ സാന്‍ഹൊസെയില്‍ നടന്ന സെമിനാറില്‍ ടോണി റോബിന്‍സന്റെ പ്രസംഗത്തില്‍ ആവേശം ഉള്‍കൊണ്ട് ചുട്ടുപഴുത്ത കല്‍ക്കരിക്ക് മുകളിലൂടെ നടന്ന 20 പേര്‍ക്ക് ഗുരുതരമായ പൊളളലേറ്റിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍