'ഭൂമിയില്‍ അതിക്രമം കാണിക്കുന്ന സമൂഹത്തിലേക്ക് ദൈവ ശിക്ഷയിറങ്ങും'
Saturday, June 25, 2016 8:51 AM IST
ജിദ്ദ: ഭൂമിയില്‍ അതിക്രമവും കുഴപ്പങ്ങളുമുണ്ടാക്കുന്ന സമൂഹത്തിലേക്ക് ദൈവശിക്ഷയിറങ്ങുമെന്നതിന്റെ തെളിവുകള്‍ മുന്‍കഴിഞ്ഞ ജനതയില്‍ മാത്രമല്ല, ആധുനിക സമൂഹത്തിലും കണ്ടുവരുന്നുണ്െടന്നു സൈന്‍ മാനവ വിഭവശേഷി കേന്ദ്രം ഡയറക്ടറും യുവപണ്ഡിതനുമായ റാഷിദ് ഗസാലി. സൈന്‍ ജിദ്ദ ചാപ്റ്ററും ജിദ്ദ പൌരാവലിയും സംയുക്തമായി സംഘടിപ്പിച്ച നാലാമത് വാര്‍ഷിക റംസാന്‍ പ്രഭാഷണത്തില്‍ 'സൂറത്തുല്‍ ഫജര്‍, മാനവ ചരിത്രത്തിന് ഒരാമുഖം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ കഴിഞ്ഞ അഹങ്കാരികളായ ജനങ്ങള്‍ക്ക് വന്ന ദുരന്തങ്ങള്‍ ഈ അധ്യായം മനുഷ്യനെ ഓര്‍മിപ്പിക്കുന്നു. ആദ് സമൂഹത്തിനയച്ച കാറ്റും സമൂദ് ഗോത്രത്തിനയച്ച ഇടിമുഴക്കവുമെല്ലാം ഇന്നും മനുഷ്യന് ദൃഷ്ടാന്തമായി അല്ലാഹു കാണിച്ചു തരുന്നുണ്ട്. ഇസ്രായേല്‍ സന്തതികളിലേക്ക് വെട്ടുകിളികളെ അയച്ചതിനെപ്പറ്റി അല്ലാഹു പറയുന്നുണ്ട്. വെട്ടുകിളികള്‍ ആ സമൂഹത്തെ ഒന്നാകെ നശിപ്പിച്ചു. തവളകളെക്കൊണ്ടും ഒരു സമൂഹം പരീക്ഷിക്കപ്പെട്ടു. ചെറിയ പ്രാണികള്‍ പെരുകിയാണ് മറ്റൊരു സമൂഹം തകര്‍ക്കപ്പെട്ടത്. ഒരു ദ്വീപ് സമൂഹത്തില്‍ വെട്ടുകിളികള്‍ വ്യാപിച്ചപ്പോള്‍ പട്ടാളത്തെ ഇറക്കിയ വാര്‍ത്ത ഈയിടെയാണ് ലോകം വായിച്ചത്. കൊതുകിന്റെ ശല്യം കൂടിയപ്പോള്‍ പട്ടാളത്തെ ഇറക്കിയ സംസ്ഥാനമാണ് കേരളം. പക്ഷിപ്പനിയും കുരങ്ങു പനിയും തക്കാളിപ്പനിയും മനുഷ്യനെ ഭയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഒരു ചെറിയ വൈറസിനു പോലും മനുഷ്യനെ നശിപ്പിക്കാന്‍ കഴിയുമെന്ന കൊറോണ പോലെയുള്ള വാര്‍ത്തകള്‍ ഓര്‍മിപ്പിക്കുന്നു. സ്വന്തം നാട്ടില്‍ അതിക്രമം കാണിച്ചവര്‍ക്ക് ദൈവശിക്ഷ അനുഭവിക്കേണ്ടി വരും എന്നതിന് അല്ലാഹു ഫിര്‍ഔന്റെ അനുഭവവും ചൂണ്ടിക്കാട്ടുന്നു. ഭൂമിയില്‍ മനുഷ്യന്‍ കാണിക്കുന്ന അതിക്രമങ്ങളുടെ ഫലമാണ് ആഗോള താപനം പോലുള്ള ദുരന്തങ്ങളെന്ന് ആധുനിക ലോകം തന്നെ സമ്മതിക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളുടെ കാലിക പ്രസക്തി വര്‍ധിച്ചുവരികയാണെന്നും റാഷിദ് ഗസാലി പറഞ്ഞു.

സൌദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. സൌദി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ഘാംദി, ഹംസ ഹസന്‍ ബിന്‍ മൊസൈദ് ബിന്‍ അബ്ദുല്‍ അസീസ്, അബ്ദുള്ള അൌക്കാഫ് അഹമ്മദ് ബിന്‍ അബ്ദുള്ള, ഷെയ്ക് റഫീഖ്, പി.വി. അന്‍വര്‍ എംഎല്‍എ, അബ്ദുസലാം സ്വലാഹി, അബ്ദുസലാം അല്‍ഫാ കാര്‍ഗോ, റഷീദ് വരിക്കോടന്‍, ബഷീര്‍ തൊട്ടിയന്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുള്ള ഫൈസി ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍