ഒബാമയുടെ ഇമിഗ്രേഷന്‍ എക്സിക്യൂട്ടീവ് ഉത്തരവ് സുപ്രീംകോടതി നിരാകരിച്ചതില്‍ പരക്കെ അമര്‍ഷം
Friday, June 24, 2016 6:29 AM IST
വാഷിംഗ്ടണ്‍ ഡിസി: ആവശ്യമായ യാത്രാ രേഖകളില്ലാതെ അമേരിക്കയില്‍ കഴിയുന്ന ഏകദേശം 4.3 മില്യണ്‍ കുടിയേറ്റക്കാരുടെ ഭാവി അനിശ്ചിതത്വത്തി ലാക്കി സുപ്രീംകോടതി ജൂണ്‍ 23നു സ്വീകരിച്ച നടപടിയില്‍ പരക്കെ അമര്‍ഷവും നിരാശയും.

സുപ്രീം കോടതി എട്ടു ജഡ്ജിമാരുടെ പാനലില്‍ നാലു പേര്‍ ഒബാമയുടെ ഇമിഗ്രേഷന്‍ എക്സിക്യൂട്ടീവ് ഉത്തരവിനു നിയമ സാധുത നല്‍കണമെന്ന് വിധിയെഴുതിയപ്പോള്‍ നാലു പേര്‍ ഇതിനെ ശക്തമായ എതിര്‍ക്കുകയായിരുന്നു. ഇതോടെ ഫലത്തില്‍ ഒബാമയുടെ എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കാനാകാത്ത അവസ്ഥയിലായി.

സൌത്ത് ഏഷ്യയില്‍ നിന്നുളള ആയിരങ്ങള്‍ ഉള്‍പ്പെടെ 4.3 മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ നാടുവിടേണ്ട സാഹചര്യം തികച്ചും നിരാശാജനകമാണെന്ന് സൌത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2014 നവംബറിലാണ് ഒബാമ എക്സിക്യൂട്ടീവ് ഉത്തരവിറക്കിയത്. 2012 ല്‍ ഒബാമ ഗവണ്‍മെന്റ് അംഗീകരിച്ചു നടപ്പാക്കിയ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍ പ്രോഗ്രാമിന്റെ (ഉഅഇഅ) തുടര്‍ച്ചയായിരുന്ന എക്സിക്യൂട്ടീവ് ഉത്തരവ്. ഈ ഉത്തരവിന്റെ കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നതില്‍ പത്താമത്തെ സ്ഥാനമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ എക്സിക്യൂട്ടീവ് ഉത്തരവു നടപ്പാക്കുകയായിരുന്നുവെങ്കില്‍ രണ്ടുലക്ഷത്തോളം വരുന്ന ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും യുവജനങ്ങള്‍ക്ക് അമേരിക്കയില്‍ നിയമാനുസൃതമായി താമസിക്കുവാന്‍ കഴിയുമായിരുന്നു. ടെക്സസ് ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ നല്‍കിയ അപ്പീലിലായിരുന്നു സുപ്രീംകോടതി വിധി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍