ട്രംപിന്റെ പ്രശ്നം ഫണ്ടിംഗ്
Thursday, June 23, 2016 6:10 AM IST
ന്യൂയോര്‍ക്ക്: വോട്ടര്‍മാരില്‍ പലര്‍ക്കും ഇഷ്ടപ്പെടാത്ത പ്രസ്താവനകള്‍ നടത്തി അവരെ തന്നില്‍ നിന്നകറ്റുന്നതാന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണത്തെ പ്രതികൂലമായി മാറ്റുന്നതെന്ന ധാരണയ്ക്ക് മാറ്റം ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുതിയൊരു തലവേദനയാണ് ട്രംപ് ക്യാംപ് അഭിമുഖീകരിക്കുന്നത്. പ്രചാരണം മുന്നോട്ടു കൊണ്ടുപോകുവാന്‍ ആവശ്യമായ ധനം എങ്ങനെ കണ്െടത്തും എന്ന പ്രശ്നം കീറാ മുട്ടിയായി മാറി.

പുതിയ ഫിനാന്‍സ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ട്രംപിന്റെ പ്രചാരണ ഫണ്ടില്‍ ഇനി ശേഷിക്കുന്നത് 1.3 മില്യണ്‍ ഡോളര്‍ മാത്രമാണ്. ജൂണില്‍ ട്രംപിന്റെ പ്രചാരണ സംഘവും റിപ്പബ്ളിക്കന്‍ നാഷണല്‍ കമ്മിറ്റിയും ചേര്‍ന്നു നടത്തുന്ന ഫണ്ട് റെയ്സിംഗിലൂടെ 20 മില്യന്‍ ഡോളര്‍ സ്വരൂപിക്കുവാന്‍ കഴിഞ്ഞേക്കും. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഡിന്നറില്‍ നിന്ന് ശേഖരിക്കുന്ന ആറു മില്യന്‍ ഡോളര്‍ ഉള്‍പ്പെടെയാണിത്.

ഫണ്ടിംഗിന്റെ പ്രശ്നത്തില്‍ ട്രംപും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും രണ്ട് ധ്രുവങ്ങളി ലാണ്. പാര്‍ട്ടി തന്നെ സഹായിക്കുന്നില്ല എന്നാണ് ട്രംപിന്റെ ഭാഷ്യം. അങ്ങനെയാണെങ്കില്‍ താന്‍ ഇതുവരെ ചെയ്തതുപോലെ തന്നില്‍ നിന്ന് കടമെടുത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണം നടത്തുമെന്നാണ് ട്രംപ് പറയുന്നത്. ഇതുവരെ 43 മില്യന്‍ ഡോളര്‍ ട്രംപ്, ട്രംപില്‍നിന്നും കടമെടുത്തിട്ടുണ്െടന്നാണ് കണക്ക്.

ട്രംപില്‍ നിന്ന് കടമെടുത്ത് ട്രംപ് പ്രചാരണം നടത്തിയാല്‍ ആര്‍എന്‍സിയും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗം, ഗവര്‍ണര്‍ സ്ഥാനാര്‍ഥികളും ട്രംപില്‍ നിന്ന് വ്യത്യസ്തമാണ് എന്ന ധാരണ പരക്കും. ഇത് ട്രംപിനും പാര്‍ട്ടിയുടെ മറ്റു സ്ഥാനാര്‍ഥികള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

റിപ്പബ്ളിക്കന്‍ പാര്‍ട്ടി പറയുന്നത് സംഭാവന നല്‍കാന്‍ തയാറുളള പാര്‍ട്ടിയുടെ ദാതാക്കളെ സമീപിക്കുവാന്‍ ട്രംപ് തയാറാകാത്തതാണ് കാരണം എന്നാണ്. ഒരു ഫോണ്‍കാള്‍ മതിയാകുമായിരുന്നു പണം ഒഴുകിയെത്താന്‍ എന്നു പാര്‍ട്ടി നേതാക്കള്‍ പറയുന്നു. ട്രംപിന്റെ പ്രചാരണ സംഘത്തിന്റെ ചില ചെലവുകളെക്കുറിച്ചും വിമര്‍ശനം ഉയര്‍ന്നു. മേയില്‍ ചെലവഴിച്ച 63 മില്യന്‍ ഡോളറില്‍ 6 മില്യന്‍ ഡോളറിലധികം ട്രംപിനും കുടുംബാംഗങ്ങള്‍ക്കും ഉണ്ടായ ചെലവുകള്‍ തിരിച്ചുനല്‍കാനായിരുന്നു. ഇവയില്‍ ഭൂരിഭാഗവും ട്രംപ് പ്രോപ്പര്‍ട്ടീസിനാണ് പോയത്. ടാഗ് എയര്‍ എന്ന ട്രംപിന്റെ സ്വകാര്യ ജെറ്റ് കമ്പനിക്ക് നല്‍കിയ 4.6 മില്യന്‍ ഡോളറും ഇതില്‍ ഉള്‍പ്പെടുന്നു. ട്രംപിന്റെ ഫ്ളോറിഡായില്‍ പാം ബീച്ചിലുളള മാരേ ലാഗോ ക്ളബിന് 423,000 ഡോളര്‍ നല്‍കി.

ട്രംപ് പറയുന്നത് പാര്‍ട്ടി സഹകരിച്ചില്ലെങ്കില്‍ സെല്‍ഫ് ഫണ്ടിംഗ് നടത്തി കാമ്പയിന്‍ മുന്നോട്ടു കൊണ്ടു പോകുമെന്നാണ്. ഇതിനായി തന്റെ വസ്തുവകകളില്‍ ചിലത് വില്ക്കാനും തയാറാണെന്നും പറയുന്നു. എന്നാല്‍ നൂറു കണക്കിനു മില്യന്‍ ഡോളറുകള്‍ ആവശ്യമായ പൊതു തെരഞ്ഞെടുപ്പുക ളുടെ പ്രചരണം ഇങ്ങനെ നടത്തുക അസാധ്യമായിരിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്, ഗവര്‍ണര്‍, അറ്റോണി ജനറല്‍ എന്നീ മത്സരങ്ങള്‍ക്കും ഫണ്ടിംഗ് ആവശ്യമാണ്.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ളിന്റണ്‍ മേയില്‍ 28 മില്യന്‍ ഡോളര്‍ ശേഖരിച്ചു. ജൂണില്‍ അവരുടെ പ്രചാരണഫണ്ടില്‍ 42 മില്യന്‍ ഡോളര്‍ മിച്ചം ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്