ഡാളസില്‍ രാജ്യാന്തര യോഗാദിനം ആഘോഷിച്ചു
Thursday, June 23, 2016 6:10 AM IST
ഇര്‍വിംഗ് (ഡാളസ്): ഹൂസ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് 'രാജ്യാന്തര യോഗാദിനം' ഡാളസില്‍ സംഘടിപ്പിച്ചു.

ജൂണ്‍ 19നു ഇര്‍വിംഗ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രൊപ്ളെക്സില്‍നിന്ന് അഞ്ഞൂറോളം വോളന്റിയര്‍മാരാണ് യോഗായില്‍ പങ്കെടുത്തത്.

ശാരീരികവും മാനസികവുമായ അച്ചടക്കം പാലിക്കുന്നതിന് ഇന്ത്യന്‍ രാഷ്ട്ര പിതാവായ മഹാത്മജി സ്വന്തം ജീവിതത്തില്‍ യോഗാ പരിശീലനം വ്രതമാ ക്കിയിരുന്നത്, ഒരു മാതൃകയായി സ്വീകരിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധരാ ണെന്നു സ്വാഗത പ്രസംഗത്തില്‍ സംഘടന സെക്രട്ടറി റാവു കല്‍വാല പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി യുഎന്‍ അസംബ്ളിയില്‍ നടത്തിയ അഭ്യര്‍ഥനയെ മാനിച്ചു യുഎന്‍ ജനറല്‍ അസംബ്ളി 2014 ല്‍ യോഗാ ദിനമായി ജൂണ്‍ 21 പ്രഖ്യാപിച്ചിരുന്നു.

ഡാളസില്‍ ആദ്യമായി ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുവാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി എംജി എംഎന്‍ടി ചെയര്‍മാന്‍ ഡോ. തോട്ടക്കുറ പറഞ്ഞു.

കോണ്‍സുലര്‍ പ്രതിനിധിയായി പങ്കെടുത്ത ആര്‍.ഡി. ജോഷിയെ തയ്ബു കുണ്ടന്‍വാല പരിചയപ്പെടുത്തി. ഉദ്ഘാടന സമ്മേളനത്തിനുശേഷം നടന്ന യോഗാ ക്ളാസിന് ശ്രീധര്‍ തുളസി റാം, ഡോ. നിക്ക് ഷോപ്, സപന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡാളസിലെ സാമൂഹ്യസേവന രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച നാഗേഷിനെ യോഗത്തില്‍ പ്രത്യേകം ആദരിച്ചു. എംജിഎം എന്‍.ടി. വൈസ് ചെയര്‍ ഇന്ദുവിന്റെ നന്ദി പ്രകടനത്തോടെ യോഗാ ദിന പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍