അന്താരാഷ്ട്ര യോഗാ ദിനാചരണം: അബുദാബിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു
Thursday, June 23, 2016 6:07 AM IST
അബുദാബി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ചു ഉം അല്‍ എമറാത് പാര്‍ക്കില്‍ സംഘടിപ്പിച്ച യോഗ യില്‍ വിവിധ രാജ്യക്കാരായ മൂവായിരത്തി അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.

യുഎഇ സാംസ്കാരിക, വിജ്ഞാന വികസന മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ടോളറന്‍സ് മന്ത്രി ഷെയ്ഖ് ലുബ്ന അല്‍ ക്വാസ്മി എന്നിവരുടെ സാന്നിധ്യം ചടങ്ങിനു പ്രൌഢിയേകി.

യോഗയെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ശ്രമങ്ങളെ ഷെയ്ഖ് ലുബ്ന അല്‍ ക്വാസ്മി പ്രകീര്‍ത്തിക്കുകയും യുഎഇ ലോകത്തിലെ മറ്റു 177 രാജ്യങ്ങള്‍ക്കൊപ്പം അഭിമാനപൂര്‍വമാണ് ഇതില്‍ പങ്കു ചേരുന്നതെന്നും അഭിപ്രായപ്പെട്ടു.

ഏഴിന് ആരംഭിച്ച ചടങ്ങുകള്‍ 10 വരെ നീണ്ടു നിന്നു. യോഗാചാര്യന്മാര്‍ യോഗയുടെ വിവിധ പ്രായോഗിക രൂപങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ സ്കൂള്‍, മയൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ചൈനീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍, സണ്‍ റൈസ് പ്രൈവറ്റ് സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ യോഗയുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ അവതരിപ്പിച്ചു. പങ്കെടുക്കാനെത്തിയവര്‍ക്ക് യോഗാ മാറ്റും ടീ ഷര്‍ട്ടും ഭക്ഷണവും സൌജന്യമായി വിതരണം ചെയ്തു.

ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നീതാ ഭൂഷണ്‍ എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

യോഗാദിനാചരണത്തിനു മികച്ച സഹകരണം നല്‍കിയ എന്‍എംസി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ബി.ആര്‍ ഷെട്ടി, യുഎഇ എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍കുമാര്‍ ഷെട്ടി, എസ്എഫ്സി മാനേജിംഗ് ഡയറക്ടര്‍ കെ.മുരളീധരന്‍, യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ക്ക് ഷെയ്ഖ് ലുബ്ന പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള