പാത്രിയാക്കീസിനു നേരെ നടന്ന ആക്രമണത്തെ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് ബാവ അപലപിച്ചു
Thursday, June 23, 2016 4:57 AM IST
ഫിലാഡല്‍ഫിയ: സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം കരീം ദ്വീതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു നേരെ ജന്മനാട്ടില്‍ നടന്ന ചാവേറാക്രമണത്തെ, ഭാരത കാത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സിബിസിഐ) പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ശക്തമായി അപലപിച്ചു.

രാജ്യത്തെ ക്രൈസ്തവരുടെയും, മറ്റു ന്യൂനപക്ഷങ്ങളുടയും മതപരമായ അവകാശങ്ങള്‍ നടപ്പിലാക്കുവാന്‍ അധികാരികള്‍ ക്രമസമാധാനപാലന ചുമതലയുള്ളവര്‍ക്കു നിര്‍ദേശം നല്‍കണമെന്നും, ഭീകരതയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയും, ലോകരാജ്യങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്തരം ചാവേറുകളെ, മാനസാന്തരത്തില്‍ കൂടി മാത്രമേ ക്രൂരമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്തിരിപ്പിക്കാന്‍ സാധ്യമാവുകയുള്ളുവെന്നും അതിനായി സഭാവ്യത്യാസമില്ലാതെ നമ്മളോരോരുത്തരും പ്രാര്‍ഥിക്കണമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ഡെലവെയര്‍വാലി റീജണിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ വൈദീക സംഘത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ സഭകളില്‍പെട്ട ഈ വൈദികരുടെ സൌഹൃദക്കൂട്ടായ്മ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും, അക്രമങ്ങളും മത വിദ്വേഷങ്ങളും നടമാടുന്ന ഈ ആധുനികയുഗത്തില്‍, സമൂഹ മധ്യത്തില്‍ ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തിപ്പിടിക്കുവാന്‍ ഈ എക്യുമെനിക്കല്‍ പ്രസ്ഥാനം കെട്ടിപ്പടുത്ത ഈ സൌഹൃദക്കൂട്ടായ്മ അങ്ങേയറ്റം പ്രശംസാപരമാണെന്നും പരിശുദ്ധ ബാവ കൂട്ടിച്ചേര്‍ത്തു. ഒപ്പം, തിരുമേനി അമേരിക്കയില്‍ ഉണ്ടായിരുന്ന സമയത്ത്, തനിക്കു ലഭിച്ച എക്യുമെനിക്കല്‍ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. ആ അനുഭവങ്ങള്‍ തന്റെ ഈ പദവിയില്‍ വളരെയധികം ഊര്‍ജം പകര്‍ന്നു നല്‍കുവാന്‍ സാധ്യമായെന്നും അദ്ദേഹം അനുസ്മരിച്ചു. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ഭാവി പ്രോജക്ടായ എക്യുമെനിക്കല്‍ കമ്യൂണിറ്റി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു.

കര്‍ദിനാള്‍ പദവി ലഭ്യമായതിനു ശേഷം ആദ്യമായി ഫിലാഡല്‍ഫിയായില്‍ ഹ്രസ്വസന്ദര്‍ശനത്തിന് 21ന് ചൊവ്വാഴ്ച വൈകിട്ടു ഏഴോടെ എത്തിച്ചേര്‍ന്ന പരിശുദ്ധ പിതാവിനെ, എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ ഫാ. ഷിബു മത്തായി ബൊക്കെ നല്‍കി സ്വീകരിച്ചു. ബാവായുടെ പ്രാര്‍ഥനയ്ക്കു ശേഷം നടന്ന മീറ്റിംഗില്‍ സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയ വികാരി ഫാ. സജി മുക്കൂട്ട് എല്ലാവര്‍ക്കും സ്വാഗതമോതി. ഫാ. ഷിബു മത്തായി, ഫാ. എം.കെ . കുറിയാക്കോസ്, റവ. എം.വി. ഏബ്രാഹാം എന്നിവര്‍ ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗിച്ചു. എക്യൂമെനിക്കല്‍ സെക്രട്ടറി മാത്യു ശാമുവേല്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. റിലീജിയസ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഫാ. ഗീവര്‍ഗീസ് ജോണ്‍ നന്ദി രേഖപ്പെടുത്തി. പരിശുദ്ധ പിതാവിന്റെ സാന്നിധ്യം എക്യുമെനിക്കല്‍ ഫെലോഷിപ്പിനു കൈവന്ന ഒരസുലഭ മുഹൂര്‍ത്തമായി കാണുന്നുവെന്നും ഫാ. ഗീവര്‍ഗീസ് ജോണ്‍ കൂട്ടിച്ചേര്‍ത്തു. ഇടവക വികാരി ഫാ. സജി മുക്കൂട്ട് , എക്യുമെനിക്കല്‍ റെപ്രസെന്റേറ്റീവ് സജീവ് ശങ്കരത്തില്‍ എന്നിവര്‍ ചേര്‍ന്നു ക്രമീകരിച്ച മീറ്ററിംഗിനുശേഷം എല്ലാവര്‍ക്കും കാതോലിക്കാബാവായുടെയൊപ്പം സ്നേഹവിരുന്നും ഉണ്ടായിരുന്നു. രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം