സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 40 ശതമാനം സീറ്റ് സര്‍ക്കാര്‍ ക്വാട്ടയില്‍
Thursday, June 23, 2016 4:55 AM IST
ബംഗളൂരു: സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 40 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ നല്കാന്‍ ധാരണയായി. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി ശരണ്‍കുമാര്‍ പാട്ടീല്‍ സ്വകാര്യ കോളജ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

പൊതു പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കാണ് പ്രവേശനം നല്കുന്നത്. മെഡിക്കല്‍ സീറ്റിന് 55,000 രൂപയും ഡെന്റല്‍ സീറ്റിന് 35,000 രൂപയുമാകും ഫീസ്. അതേസമയം ഈ ധാരണ ഒരു വര്‍ഷത്തേക്കു മാത്രമാണെന്നാണ് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ പറയുന്നത്. 2016-17 അധ്യയനവര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് ഫീസുകള്‍ വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച ഫീസ് നിര്‍ണയ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. ജസ്റീസ് ആര്‍. ഗുരുരാജന്‍ അധ്യക്ഷനായ കമ്മിറ്റി 62,000 രൂപയാണ് മെഡിക്കല്‍ സീറ്റിന് ഫീസായി ശിപാര്‍ശ ചെയ്തത്.

അതേസമയം, സംസ്ഥാനത്തെ സ്വകാര്യ എന്‍ജിനിയറിംഗ് കോളജുകളിലെ സര്‍ക്കാര്‍ ക്വാട്ട സീറ്റില്‍ പത്തു ശതമാനം ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. കര്‍ണാടക എക്സാമിനേഷന്‍ അഥോറിറ്റിയാണ് ഫീസ് വര്‍ധന പ്രഖ്യാപിച്ചത്.

സ്വകാര്യ എന്‍ജിനിയറിംഗ് കോളജുകളിലെ ജനറല്‍ മെറിറ്റ് സീറ്റില്‍ 49,500 രൂപയാണ് പുതുക്കിയ വാര്‍ഷിക ഫീസ്. കല്‍പ്പിത സര്‍വകലാശാലകളിലും സ്വകാര്യ സര്‍വകലാശാലകളിലും 55,000 രൂപയാണ് ഫീസ്. 22 ശതമാനമാണ് വര്‍ധന.

അതേസമയം, സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ സീറ്റുകളില്‍ ഫീസ് വര്‍ധനയില്ല. 18,090 രൂപയാണ് ഇവിടെ വാര്‍ഷിക ഫീസ്.