കങ്ങഴ എംജിഡിഎം നഴ്സിംഗ് സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ പ്രഥമ സംഗമം നടത്തി
Wednesday, June 22, 2016 6:21 AM IST
അറ്റ്ലാന്റാ: കോട്ടയം കങ്ങഴ എംജിഡിഎം നഴ്സിംഗ് സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥികളുടെ ആദ്യ സമ്മേളനം മേയ് 30ന് അറ്റ്ലാന്റാ മാര്‍ത്തോമ ഇടവകയുടെ ഫെലോഷിപ്പ് ഹാളില്‍ സംഘടിപ്പിച്ചു.

ഇടവക വികാരി റവ. എം.പി. സാമുവല്‍ മുഖ്യാതിഥിയായിരുന്നു. 1975 -ലെ ആദ്യ ബാച്ച് മുതല്‍ പഠനം പൂര്‍ത്തിയാക്കി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറിയ 20 നഴ്സുമാര്‍ ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തു. നഴ്സിംഗ് സ്കൂളിന്റെ ആരംഭം മുതല്‍ പ്രിന്‍സിപ്പാള്‍ ആയി ദീര്‍ഘകാലം സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച് മണ്‍മറഞ്ഞ മേരി ചാക്കോ, വിവിധ ബാച്ചുകളില്‍ വിദ്യാര്‍ഥികളായിരുന്ന സൂസമ്മ മാത്യു, വത്സമ്മ ഐസക്, ലാലി രാജു എന്നിവരുടെ സ്മരണയ്ക്കു മുമ്പില്‍ യോഗം ആദരാഞ്ജലിയര്‍പ്പിച്ചു.

മനുഷ്യരോടുള്ള കരുണയും ശുശ്രൂഷയോടുള്ള പ്രതിബദ്ധതയുമാണു നഴ്സിംഗ് എന്ന മഹത്വകരമായ സേവനത്തെ ഫലകരമാക്കുന്നതെന്നു റവ. എം.പി സാമുവല്‍ ഉദ്ബോധിപ്പിച്ചു. നഴ്സിംഗ് ഒരു ദൈവിക പ്രവര്‍ത്തിയാണ് എന്ന ബോധത്തോടെ ചെയ്യുമ്പോഴാണ് ഈ ശുശ്രൂഷ പരിപൂര്‍ണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കങ്ങഴ സ്കൂള്‍ ഓഫ് നഴ്സിംഗിലെ ആദ്യ ബാച്ച് വിദ്യാര്‍ഥിനിയും ഉപരി പഠനത്തിനുശേഷം അവിടെ നഴ്സിംഗ് ട്യൂട്ടറായും പിന്നീട് പ്രിന്‍സിപ്പല്‍ ആയും സേവനം അനുഷ്ഠിച്ച ഏലിയാമ്മ തോമസ് (നോര്‍ത്ത് കരോളീന) പ്രഭാഷണം നടത്തി. മനുഷ്യ ജീവിതത്തിലെ വളരെ നിസഹായമായ അവസ്ഥയില്‍ ആശുപത്രികളില്‍ അഭയം പ്രാപിക്കുന്ന രോഗികള്‍ക്കു വേണ്ടുന്ന

ശുശ്രൂഷകള്‍ ആദരവോടും ആര്‍ദ്രതയോടും കൂടെ നല്‍കുമ്പോള്‍ ലഭിക്കുന്ന സന്തോഷമാകണം ഓരോ നഴ്സിന്റെയും മഹത്തായ പ്രതിഫലം എന്ന് ഓര്‍മിപ്പിച്ചു. സമ്മേളനം നടത്തുവാന്‍ നേതൃത്വം നല്‍കിയ ഏവരെയും ഏലിയാമ്മ അഭിനന്ദിച്ചു.

ആഷ്ലി ജോര്‍ജിന്റെ ഗാനാലാപനവും ജെസി പുളിമൂട്ടില്‍, ജെസി വര്‍ഗീസ്, ജോളി വര്‍ക്കി എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച എംജിഡിഎമ്മിന്റെ മധുര സ്മരണകളുയര്‍ത്തുന്ന പാരഡിഗാനവും ഏവരും ആസ്വദിച്ചു. ജെസി മാത്യു, ലില്ലി ആനിക്കാട്, ജൂലി വര്‍ക്കി, ലൈസ ജേക്കബ്, മേഴ്സി ചെറിയാന്‍ എന്നിവര്‍ സംഗമത്തിനു നേതൃത്വം നല്‍കി.

2018 മേയ് 28നു ഹൂസ്റണില്‍ നടക്കുന്ന സംഗമത്തിനു നേതൃത്വം നല്‍കാന്‍ റൂബി ജേക്കബ്, ജോളി ജോയ്, എത്സി നൈനാന്‍ എന്നിവരെ ചുമതലപ്പെടുത്തി.

റിപ്പോര്‍ട്ട്: ആന്‍ഡ്രൂസ് അഞ്ചേരി