ന്യുയോര്‍ക്ക് സിറ്റിയില്‍ മലയാളിക്കു നേരേ ആക്രമണം
Wednesday, June 22, 2016 4:49 AM IST
ന്യുയോര്‍ക്ക്: നഗഹൃദയമായ മന്‍ഹാട്ടനിലെ ഹാര്‍ലത്തു വച്ചു മലയാളിക്കു നേരെ ആക്രമണം. പരുക്കേറ്റ ഗാര്‍ഡിയന്‍ ഇന്‍ഷ്വറന്‍സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ചയാണു സംഭവം. സുനില്‍കുമാറും ഭാര്യയും നാലു വയസുള്ള മകളും ടാക്സിയില്‍ ജന്മദിന പാര്‍ട്ടിക്കു പോകുകയായിരുന്നു. അവരുടെ തൊട്ടു മുന്‍പില്‍ ഒരാള്‍ കാറില്‍നിന്നു ഗാര്‍ബേജ് അവരുടെ മുന്നിലേക്ക് എറിഞ്ഞു. ഭാര്യ അതു ചോദ്യംചെയ്തു. ഉടന്‍ അയാള്‍ കാറില്‍നിന്നു വാട്ടര്‍ ബോട്ടിലും മറ്റും വലിച്ചെറിഞ്ഞ് പുറത്തേക്കു ചാടി. ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ സുനില്‍കുമാര്‍ മുന്നോട്ടു വന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ പിടിവലിയുണ്ടായി. ഇതിനിടയില്‍ അടുത്തു കിടന്ന ഇരുമ്പിന്റെ ഗാര്‍ബേജ് കാന്‍ എടുത്ത് അയാള്‍ സുനില്‍ ുമാറിനു നേരെ അടുത്തു. നിലത്തു വീണ സുനില്‍കുമാറിന്റെ കാലിലും കയ്യിലുമാണ് അടിയേറ്റത്.

ഫിഫ്ത് അവന്യുവില്‍ 127-ാം സ്ട്രീറ്റിലാണു സംഭവം. ആളുകള്‍ നോക്കിക്കൊണ്ടു നിന്നതല്ലാതെ ആരും സഹായത്തിനെത്തിയില്ല. മൂന്നു മിനിട്ടിനുള്ളില്‍ പോലീസ് വന്നു. പക്ഷേ അപ്പോഴേക്കും ആഫ്രിക്കന്‍ അമേരിക്കക്കാരനായ അക്രമി കാറില്‍ കടന്നു കളഞ്ഞു. എന്നാല്‍, ട്രാഫിക്കില്‍ പോലീസ് അയാളെ പിടികൂടി എന്നാണു കരുതുന്നത്.

ആഫ്രിക്കന്‍ അമേരിക്കന്‍ കേന്ദ്രമാണു ഹാര്‍ലം. കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യുവജനപ്രസ്ഥാനം യുവയുടെ നേതാവാണു സുനില്‍ കുമാര്‍.

ഏതാനും വര്‍ഷം മുന്‍പ് റിവര്‍സൈഡില്‍ വച്ച് അഞ്ചു ചെറുപ്പക്കാര്‍ ചേര്‍ന്നു ആക്രമിച്ച അനുഭവവും പാലക്കാട് സ്വദേശിയായ സുനില്‍കുമാറിനു ഉണ്ടായിട്ടുണ്ട്. പണവും മാലയും മറ്റുമായിരുന്നു അവരുടെ ലക്ഷ്യം. പോലീസ് അഞ്ചു പേരെയും പിന്നീടു അറസ്റ് ചെയ്തു. അഞ്ചു വര്‍ഷത്തെ ശിക്ഷയ്ക്കു ശേഷം കഴിഞ്ഞവര്‍ഷമാണു അവര്‍ ജയിലില്‍ നിന്നിറങ്ങിയത്.

ഇന്ത്യക്കാര്‍ എതിര്‍ത്തു നില്‍ക്കില്ല എന്നു ബോധ്യമുള്ളതു കൊണ്ട് അക്രമികള്‍ക്ക് ഏറ്റവും എളുപ്പത്തിലുള്ള ഇരയാണു അവരെന്നു സുനില്‍കുമാര്‍ പറയുന്നു.