ജീവകാരുണ്യ നിറവില്‍ ഐഎംഎ ഇഫ്താര്‍ സംഗമം
Tuesday, June 21, 2016 8:23 AM IST
റിയാദ്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഡോക്ടേഴ്സ് ക്ളിനിക്കല്‍ ഫോറം) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജീവകാരുണ്യപ്രവര്‍ത്തിയിലൂടെ മാതൃകയായി. സാമ്പത്തിക ബുദ്ധിമുട്ടു കാരണം വേണ്ട സമയത്ത് ചികിത്സ ലഭിക്കാതെ ഇരു കണ്ണുകളിലും തിമരം ബാധിച്ച് കാഴ്ച പൂര്‍ണമായും നശിച്ച 48 വയസുള്ള കണ്ണൂര്‍ ചെറുവത്തുര്‍ സ്വദേശിക്കാണ് ഐഎംഎ കാരുണ്യഹസ്തം നീട്ടിയത്.

വര്‍ഷങ്ങളായി ഇക്കാമയോ പാസ്പോര്‍ട്ടോ മറ്റുതാമസരേഖകളോ ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാന്‍പോലും സാധിക്കാതെ കടുത്ത പ്രമേഹവും അമിതരക്തസമ്മര്‍ദ്ദവുംബാധിച്ച് മുറിക്കുള്ളില്‍ അവശനായി കഴിഞ്ഞുവരുന്ന ഇയാള്‍ക്ക് ശസ്ത്രക്രിയയിലൂടെ കാഴ്ച തിരികെ കൊണ്ടുവരാമെന്നു കണ്െടത്തിയ ഐഎംഎയുടെ ജീവകാരുണ്യവിഭാഗം ചെയര്‍മാനും പ്രമുഖ നേത്രരോഗവിദഗ്ധനുമായ ഡോ. എ.വി. ഭരതന്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ലെന്‍സ് മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ ഇതിനു 15000-ലധികം റിയാല്‍ ചെലവുവരും. ആയതിലേക്ക് ഐഎംഎ അംഗങ്ങളില്‍ നിന്നും സംഭാവനയായി സ്വരൂപിച്ച തുക ഇഫ്താര്‍ ചടങ്ങില്‍ പ്രസിഡന്റ് ഡോ. ജോസ് ആന്റോ അക്കര ജീവകാരുണ്യ പ്രവര്‍ത്തകനായ സനൂപ് പയ്യന്നൂരിനു കൈമാറി. മറ്റു ജീവകാരുണ്യ സംഘടനകളും പ്രവര്‍ത്തകനും കൂടി ഈ പുണ്യപ്രവൃത്തിയില്‍ സഹകരിച്ചാല്‍ ഓപ്പറേഷനിലുടെ അയാള്‍ക്ക് കാഴ്ച തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്നു ഡോ. ഭരതന്‍ അഭിപ്രായപ്പെട്ടു.

ഐഎംഎ മീഡിയ വിഭാഗം കണ്‍വീനര്‍ ഡോ. എസ്. അബ്ദുല്‍ അസീസ് രചിച്ച റംസാന്‍ വ്രതാനുഷ്ഠാനവും രോഗികളും എന്ന സൌജന്യ വിതരണത്തിനായി തയാറാക്കിയിട്ടുള്ള കൈപ്പുസ്തകതിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ചടങ്ങില്‍ സെക്രട്ടറി ഡോ. സുരേഷ് മംഗലത്ത് ആദ്യ പ്രതി ഷിഹാബ് കൊട്ടുകാടിനു നല്‍കി നിര്‍വഹിച്ചു.

പ്രസിഡന്റ് ഡോ ജോസ് ആന്റോ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എന്‍ജി. ഖലീല്‍ റംസാന്‍ സന്ദേശം നല്‍കി. ഡോക്ടര്‍മാരായ ജോഷി, ഷാഹുല്‍ ഹമീദ്, സഫീര്‍, ഹാഷിം, സജിത്, അനില്‍ കുമാര്‍, മുകുന്ദന്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സാമുഹിക-സംഘടനാ പ്രതിനിധികള്‍, പോളിക്ളിനിക് മാനേജര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഡോ. സുരേഷ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍