സൌത്ത് ജേഴ്സിയില്‍ സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഈശ്വരസമര്‍പ്പിതമായി
Tuesday, June 21, 2016 5:57 AM IST
വിന്‍സ്ളോ: സൌത്ത് ജേഴ്സിയില്‍ സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഈശ്വര സമര്‍പ്പിതമായി. ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍
ജേക്കബ് അങ്ങാടിയത്ത് ദേവാലയത്തിന്റെ ആശീര്‍വാദ കര്‍മം നിര്‍വഹിച്ചു. സഹായ മെത്രാന്‍ മാര്‍. ജോയി ആലപ്പാട്ട്, കാംഡന്‍ രൂപത ബിഷപ് റവ. ഡെന്നിസ് സള്ളിവനും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സൌത്ത് ജേഴ്സി ഇടവക വികാരിയും ഡാളസ് -ഫ്ളോറിഡ -ഫിലഡല്‍ഫിയ മുന്‍ വികാരിയുമായ ഫാ. ജോണ്‍ മേലേപ്പുറം, ഷിക്കാഗോ സീറോ മലബാര്‍ രൂപത ചാന്‍സിലര്‍ റവ. ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന വികാരി ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി, സിഎംഐ സഭാ വൈദികര്‍, കാംഡന്‍ രൂപത വൈദികര്‍ തുടങ്ങി നിരവധി പുരോഹിതരും ദിവ്യബലിയര്‍പ്പണത്തില്‍ കാര്‍മികരായി.

നിരവധി സന്യാസിനികളും ഫിലഡല്‍ഫിയ സീറോ മലബാര്‍ ഫൊറോന ഇടവകയില്‍ നിന്നുള്ള അംഗങ്ങളും ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ സാക്രിസ്റന്‍ ജോസഫ് പുളിക്കലും മുന്‍ ട്രസ്റിമാരും നിലവിലുള്ള ട്രസ്റിമാരും വിശുദ്ധ കുര്‍ബാനയില്‍ സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഇടവക സമൂഹത്തിനൊപ്പം പങ്കു ചേര്‍ന്നു. വിന്‍സ്ളോ ടൌണ്‍ഷിപ്പ് മേയര്‍ ബാരി എം റൈറ്റും വിശുദ്ധ കുര്‍ബാനയിലും ആഘോഷങ്ങളിലും സജീവ ഭാഗമായി. തുടര്‍ന്നു ഇടവക വനിതാ വിഭാഗവും അള്‍ത്താര ശുശ്രൂഷികളും ബാലികാ ബാലന്മാരും യുവാക്കളും നേതൃത്വം നല്‍കിയ സ്നേഹവിരുന്നും നടന്നു.

അമേരിക്കയിലെ സീറോ മലബാര്‍ സഭയിലെ സംഘാടകാചാര്യനായ ഫാ. ജോണ്‍
മേലേപ്പുറത്തിനെ ഷിക്കാഗോ രൂപതാധക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത് സൌത്ത് ജേഴ്സി സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച് ഇടവകാ സമൂഹത്തിന്റെ മിഷന്‍ ഡയറക്ടറായി 2011 ജുണ്‍ ഒന്നു മുതല്‍ നിയമിച്ചു. തുടര്‍ന്നു സൌത്ത് ജേഴ്സിയിലെ കൂടുതല്‍ സീറോ മലബാര്‍ വിശ്വാസകുടുംബങ്ങള്‍ സെന്റ് ജൂഡ് മിഷനിലേക്ക് ആരാധനാംഗങ്ങളായി ചേര്‍ന്നു. ഫാ. ജോണ്‍ മേലേപ്പുറത്തിന്റെയും പരീഷ് കൌണ്‍സില്‍

അംഗങ്ങളുടെയും ട്രസ്റിമാരായ അനീഷ് ജയിംസ്, ജോണ്‍ വര്‍ഗീസ് എന്നിവരുടെയും തീക്ഷ്ണ പ്രേഷിത ക്രൈസ്തവ ചര്യകളിലൂടെ ഈ സമൂഹം 80 കുടുംബങ്ങളുടെ സജീവാരാധനാലയമായി പരിണമിച്ചു.

1999ല്‍ 35 കുടുംബങ്ങളുമായി സെന്റ് പീറ്റര്‍ സെലെസ്റിന്‍ കാത്തലിക് ചര്‍ച്ചില്‍ മോണ്‍. ജയിംസ് ട്രേസി ഇടവക വികാരിയായി സമാരംഭിച്ച സമൂഹമായിരുന്നു സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്. 2011 വരെ ഫാ. ജോസഫ് പന്തയ്ക്കല്‍ സിഎംഐ മിഷന്‍ ഡയറക്ടറായിരുന്നു. 2011 ജുണ്‍ ഒന്നു മുതല്‍ സീറോ മലബാര്‍ ഷിക്കാഗോ രൂപതയുടെ കീഴിലുള്ള മിഷനായി രൂപപ്പെട്ടു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍